സിപിഐ ജില്ലാ സമ്മേളനം: 24 മുതൽ 26 വരെ കോതമംഗലത്ത്
1577930
Tuesday, July 22, 2025 4:00 AM IST
കോതമംഗലം : സിപിഐ എറണാകുളം ജില്ലാ സമ്മേളനം 24 മുതൽ 26 വരെ കോതമംഗലത്ത് നടക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന എക്സിക്യൂട്ടീവംഗം കമല സദാനന്ദൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തെ തുടർന്ന് 22, 23 തീയതികളിലെ പരിപാടികൾ ഒഴിവാക്കി.
സമ്മേളനത്തിന് മുന്നാടിയായി സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കമല സദാനന്ദൻ കല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഓഫീസ് വന്ദന ടവറിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല നേതാക്കളുടെ അനുസ്മരണം, തൊഴിലാളി, യുവജന, വനിതാ, കർഷക, പ്രവാസി സംഗമങ്ങൾ, സാംസ്കാരിക സദസ്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
24ന് രാവിലെ എട്ടിന് കുത്തുകുഴി സി.എസ്. നാരായണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖാ യാത്ര ആരംഭിക്കും. റ്റി. രഘുവരൻ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ കെ.കെ അഷറഫ് ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.പി രാജേന്ദ്രൻ, മന്ത്രി കെ. രാജൻ, മന്ത്രി ജെ. ചിഞ്ചു റാണി, പി.പി. സുനീർ എംപി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരൻ എന്നിവർ പ്രസംഗിക്കും.
25ന് പ്രതിനിധി സമ്മേളനം തുടരും. 26ന് വൈകുന്നേരം നാലിന് കോതമംഗലം മാർ ബേസിൽ സ്റ്റേഡിയത്തിൽ നിന്നും ചുവപ്പ് സേനാ പരേഡ്, വനിത റാലി എന്നിവർ അണിനിരക്കുന്ന പ്രകടനം. മന്ത്രി കെ. രാജൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ അധ്യക്ഷത വഹിക്കും.