അങ്കമാലി അർബൻ സഹ. സംഘം വായ്പാ ക്രമക്കേട് : രണ്ടു മുൻ ജീവനക്കാരെ പിരിച്ചുവിട്ടു
1577946
Tuesday, July 22, 2025 4:00 AM IST
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പാക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന സെക്രട്ടറി ഇൻ ചാർജിനെയും അക്കൗണ്ടന്റിനെയും അന്വേഷണവിധേയമായി സർവീസിൽനിന്നു പിരിച്ചുവിട്ടു. സെക്രട്ടറി ഇൻ ചാർജായിരുന്ന ചാലക്കുടി വാട്ടുകടവ് റോഡിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബിജു കെ. ജോസ്, അക്കൗണ്ടന്റായിരുന്ന പീച്ചാനിക്കാട്, കൂരൻ പുളിയപ്പിള്ളി വീട്ടിൽ കെ.ഐ. ഷിജു എന്നിവരെയാണ് 2024 ജനുവരി അഞ്ചു മുതൽ മുൻകാല പ്രാബല്യത്തോടെ പിരിച്ചുവിട്ടത്.
2024 ഏപ്രിൽ 12ന് സഹകരണ സംഘം ജില്ലാ രജിസ്ട്രാറിന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് ഇരുവരെയും പിരിച്ചുവിട്ടത്. സംഘത്തിൽ അതീവ ഗുരുതര ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേട്, സോഫ്റ്റ്വേർ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളിൽ ഇവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജോയിന്റ് രജിസ് ട്രാറിന്റെ ഉത്തരവ് പ്രകാരം പത്ത് കോടിയോളം രൂപ സെക്രട്ടറി ഇൻ ചാർജും ഏഴ് കോടിയിൽപരം രൂപ അക്കൗണ്ടന്റും സംഘത്തിൽ അടയ്ക്കണം.
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 115.8 കോടി രൂപയുടെ വ്യാജ ലോൺ അനുവദിക്കുന്നതിനും വ്യാജ രേഖകൾ പ്രകാരം ലോൺ നൽകുന്നതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിക്കുന്നതിനും നേതൃത്വം നൽകിയവരിൽ പ്രധാനികളാണ് ഇവർ. സംഘത്തിന്റെ 96 കോടിയോളം രൂപയാണ് വ്യാജലോൺ വഴി, അന്തരിച്ച മുൻ പ്രസിഡന്റ് പി.ടി. പോളും സംഘവും സ്വന്തമാക്കിയത്.
ഇപ്പോൾ പിരിച്ചുവിട്ട ഈ രണ്ടു ജീവനക്കാരും ഈ കേസുമായി ബന്ധപ്പെട്ട് ഏറെക്കാലം ജയിലിലായിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡയറക്ടർ ബോർഡംഗങ്ങളിൽ ഭൂരിഭാഗം പേരെയും ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.