പരിവാഹന്‍ സൈബർ തട്ടിപ്പ്: വ്യക്തികളുടെ യുപിഐ പിന് നമ്പറുള്‍പ്പെടെ പ്രതികളുടെ പക്കല്‍
1577947
Tuesday, July 22, 2025 4:00 AM IST
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എംപരിവാഹന്റെ വ്യാജ ആപ്ലിക്കേഷന്‍ ഉണ്ടാക്കി രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശികളില്‍ നിന്നു ലഭിച്ചത് പോലീസിനെ പോലും അതിശയിപ്പിക്കുന്ന വിവരങ്ങള്‍.
നിരവധി പേരുടെ യുപിഐ പിന് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളുടെ പക്കൽ ഉണ്ടായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് വാരണാസിയില്‍ നിന്ന് കൊച്ചി സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതിയായ 16കാരന് നോട്ടീസ് നല്കി കേസിൽ പ്രതി ചേര്‍ത്തിരിക്കുകയാണ്.
പ്രതികളുടെ പക്കല്‍ നിന്ന് എംപരിവാഹന്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച വിവിധ വ്യക്തികളുടെ ഫോണിന്റെയും യുപിഐ പിന് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും, ഹണി ട്രാപ്പ്, കെവൈസി അപ്ഡേഷന് തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും പോലീസ് കണ്ടെത്തി. കേരളം കൂടാതെ കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളുമുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി ശേഖരിച്ച 2700 ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോണ്‍ നമ്പറുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
കേസിലെ പ്രതികളെ പിടികൂടുന്നതിനായി വിവിധ പോലീസ് ഏജന്‍സികള്‍ മാസങ്ങളായി ശ്രമിക്കുയാണെങ്കിലും കൊച്ചി സൈബര്‍ പോലീസാണ് ആദ്യമായി അറസ്റ്റ് രേഖപ്പെടുത്തുന്നത്. വാരണാസിയിലെത്തിയ സൈബര്‍ പോലീസ് സംഘത്തിന് ലോക്കല്‍ പോലീസിന്റെ സഹകരണം ലഭിച്ചില്ല. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അതിസാഹസികമായാണ് സൈബര്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാന്, സീനിയര്‍ സിപിഒമാരായ ആര്. അരുണ്‍, പി. അജിത്രാജ്, നിഖില്‍ ജോര്‍ജ്, സിപിഒമാരായ ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും.
കൊച്ചി സിറ്റിയില്‍ 96ഓളം പരാതികൾ
തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയില്‍ മാത്രം 96ഓളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു. സംസ്ഥാനത്ത് 575ഓളം പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കോടികളുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇങ്ങനെ ലഭിക്കുന്ന പണം ആഢംബര ജീവിതം നയിക്കുന്നതിനും ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള സേവിംഗ്സാക്കി മാറ്റുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്.