3170 കോടിയുടെ കനാല്‍ മിറ്റിഗേഷന്‍ പദ്ധതിക്ക് അനുമതി: മന്ത്രി രാജീവ്
1577602
Monday, July 21, 2025 4:35 AM IST
ജില്ലയിൽ മെഗാ തൊഴില്‍മേള സെപ്റ്റംബറിൽ
കളമശേരി: കനാല്‍ മിറ്റിഗേഷന്‍ പദ്ധതിക്ക് അനുമതിയായതായി മന്ത്രി പി. രാജീവ്. പബ്ലിക് സ്ക്വയറിന്റെ ഭാഗമായി കളമശേരി നഗരസഭയിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ സംഘടിപ്പിച്ച "മന്ത്രിക്കൊപ്പം ഒരു മണിക്കൂര്‍' വാര്‍ഡുതല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3170 കോടിയുടെ കനാല്‍ മിറ്റിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കൊച്ചി, കളമശേരി, തൃക്കാക്കര നഗരസഭകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ കനാലുകളുടെ വീതികൂട്ടല്‍ ഉള്‍പ്പെടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി സീവേജ് ട്രീറ്റ്മെന്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വീട്ടിലും തൊഴില്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയില്‍ സെപ്റ്റംബറോടെ പതിനായിരത്തോളം തൊഴിലവസരങ്ങളുമായി മെഗാ തൊഴില്‍മേള സംഘടിപ്പിക്കും.
കളമശേരി നഗരസഭയ്ക്ക് കീഴിലുള്ള മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഗ്രീന്‍ സോണില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ബുദ്ധിമുട്ടുകള്‍ അറിയിക്കുന്നുണ്ട്. പരമാവധി പ്രദേശങ്ങളെ മിക്സഡ് സോണുകളിലാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പത്താം പീയുസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.യു. സ ഫെലിക്സ്, ഹാജിറ ഉസ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.