"ഷൂട്ട് ദ റെയിന്‍' ഫുട്ബോള്‍ ടൂര്‍ണമെന്റ്
1577603
Monday, July 21, 2025 4:35 AM IST
കൊച്ചി: മഴക്കാല വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം പ്രഫഷണല്‍സ് ക്ലബ് സംഘടിപ്പിക്കുന്ന മഴക്കാല ഫുട്ബോള്‍ ടൂര്‍ണമെന്റ് 25, 26 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.
ഷൂട്ട് ദ റെയിന്‍ എന്ന പേരില്‍ നടക്കുന്ന ടൂര്‍ണമെന്റ് 25ന് രാവിലെ ഒന്‍പതിന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യന്‍ നായകന് ഐ.എം. വിജയന് സന്നിഹിതനായിരിക്കും.
35 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ഡൊമിനിക് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 50,000 രൂപയുമാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയുമാണ് സമ്മാനം.
സെവന്‍സ് ഫോര്‍മാറ്റില്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. കിക്കോഫ് 25ന് രാവിലെ ആറിന്. കൊച്ചി ക്രൗണ്‍ പ്ലാസയും മാരിയറ്റ് ഷെറാട്ടണ്‍ ഫോര്‍ പോയിന്റും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആദ്യ സെമി 26ന് രാവിലെ 8.10നും രണ്ടാമത്തേത് 11.10നും. വൈകുന്നേരം നാലിന് ഫൈനല്‍.