ഭൂമി തരംമാറ്റത്തിന് ഇനി ഉടനടി പരിഹാരം
1577604
Monday, July 21, 2025 4:35 AM IST
കാക്കനാട്: ഭൂമി തരംമാറ്റ അപേക്ഷകളിന്മേൽ തീർപ്പുണ്ടാക്കാനുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ ക്രമീകരണവുമായി റവന്യു വകുപ്പ്. അടിസ്ഥാന ഭൂരേഖാ രജിസ്റ്ററിൽ ( ബിടിആർ) നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ കൃഷിക്കനുയോജ്യമല്ലാത്തതുമായ 25 സെന്റ് വരെയുള്ള സ്ഥലം ഇനി മുതൽ യാതൊരു നൂലാമാലകളും ഇല്ലാതെ കരഭൂമിയാക്കി മാറ്റാനാകും. വില്ലേജ് ഓഫീസറുടെയും മറ്റും നേരിട്ടുള്ള സ്ഥല പരിശോധനകൾ ഒഴിവാക്കിയാണ് അപേക്ഷകളിൽ തീർപ്പുണ്ടാക്കുക.
സ്ഥല ഉടമകൾ ഇതിനായി അതാതു വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വില്ലേജ് ഓഫീസുകളിൽ റവന്യൂ തല അദാലത്തുകൾ സംഘടിപ്പിക്കും. തങ്ങളുടെ ഭൂമിയുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾ സത്യസന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ സ്വന്തം നിലയിൽ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് കാലതാമസം കൂടാതെ തന്നെ ഭൂമി തരംമാറ്റി നൽകും.
നിലവിലുള്ള ചട്ട പ്രകാരം ആദ്യം ഫോം നമ്പർ 5ലും പിന്നീട് ഫോം നമ്പർ 6ലും നൽകുന്ന അപേക്ഷകളിന്മേൽ സൂക്ഷ്മപരിശോധന നടത്തിയാണ് തരംമാറ്റ അപേക്ഷകളിൽ തീർപ്പു കൽപ്പിച്ചിരുന്നത്.
അപേക്ഷകർക്ക് ഭൂമിതരംമാറ്റ ഉത്തരവ് ലഭിക്കാൻ വർഷങ്ങളുടെ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തിൽ അതിവേഗ തീർപ്പുണ്ടാക്കാൻ തീരുമാനിച്ചത്. 25 സെന്റ് വരെയുള്ള നാലു ലക്ഷത്തോളം അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. വില്ലേജ്തല റവന്യൂ അദാലത്തുകൾ വഴി ഭൂമി തരംമാറ്റം സാധ്യമാകുന്നതോടെ ഈ അപേക്ഷകരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാകും.
അതേസമയം 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർക്കു, സർക്കാർ നിശ്ചയിക്കുന്ന കമ്പോളവില അടച്ചാൽ മാത്രമോ നിലം തരം മാറ്റി കരഭൂമിയാക്കിയുള്ള അനുമതിപത്രം ലഭിക്കുകയുള്ളൂ. 25 സെന്റിൽ കൂടുതലുള്ള ഭൂമി രണ്ടായി ആധാരം നടത്തിയാലും ഈ ആനുകൂല്യം അപേക്ഷകനു ലഭിക്കുകയില്ല. 2017 നു മുൻപ് നടന്ന ആധാരപ്രകാരമാണ് അപേക്ഷകൾ സ്വീകരിക്കുക.
വ്യാപാര ആവശ്യങ്ങൾക്കും, വീടുനിർമാണത്തിനുമായിട്ടുള്ള നിർമിതികൾക്കാണ് പുതിയ ഉത്തരവു പ്രകാരം അതിവേഗ തീരുമാനം ഉണ്ടാവുക.