മുൻകൂർ അനുമതി ദുരുപയോഗം : ആലുവ നഗരസഭാ സെക്രട്ടറിക്ക് വകുപ്പുതല മുന്നറിയിപ്പ്
1577607
Monday, July 21, 2025 4:35 AM IST
ആലുവ: ധനവിനിയോഗത്തിന് മുനിസിപ്പൽ ആക്ടിലെ മുൻകൂർ അനുമതി അനുവദിക്കുന്ന വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ആലുവ നഗരസഭാ സെക്രട്ടറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടറുടെ കർശന മുന്നറിയിപ്പ്.
നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലും വകുപ്പുതല വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് നടപ ടി. മുൻകൂർ അനുമതി സംബന്ധിച്ച വകുപ്പിന്റെ പരിധിയിൽ വരുന്ന സാഹചര്യങ്ങളിൽ മാത്രം ഇത്തരം രീതിയിൽ ചെലവുകൾ നിയമാനുസൃതം നടത്തണമെന്ന് നഗരസഭാ സെക്രട്ടറിക്ക് ജോയിന്റ് ഡയറക്ടർ കർശന നിർദേശം നൽകി.
മുൻകൂർ അനുമതിയുമായി ബന്ധപ്പെട്ട വകുപ്പ് ദുരുപയോഗം ചെയ്യാറില്ലെന്ന സെക്രട്ടറിയുടെ വിശദീകരണ കത്ത് തള്ളിയാണ് നടപടി. 26 ലക്ഷം രൂപ ചെലവിടുന്നതിന്റെ നിർദേശം വരെ കൗൺസിലിൽ ചർച്ച ചെയ്യാതെ മുൻകൂർ അനുമതി കൊടുത്ത് നടപ്പാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
കൗൺസിൽ അംഗീകാരത്തിനായി മുൻകൂർ അനുമതി നൽകിയ വിഷയം വരുമ്പോഴേക്കും ഫണ്ട് വിനിയോഗം മുഴുവൻ നടന്നു കഴിയുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.