പരിവാഹന്‍ സൈബർ തട്ടിപ്പ്: മൂന്ന് യുപി സ്വദേശികള്‍ പിടിയില്‍
1577609
Monday, July 21, 2025 4:35 AM IST
വ്യാജ ആപ്ലിക്കേഷന്‍ തയാറാക്കുന്നത് 16കാരൻ
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എംപരിവാഹന്റെ വ്യാജ ആപ്ലിക്കേഷന്‍ ഉണ്ടാക്കി ഇതിലൂടെ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരാണാസിയില്‍ നിന്ന് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍കുമാര്‍ സിംഗ് (32), മനീഷ് യാദവ് (24), പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എപികെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികള്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത് ടെലഗ്രാം ബോട്ട് മുഖാന്തിരമാണ്. മനീഷ് യാദവിന്റെ ബന്ധുവായ 16 വയസുകാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയാറാക്കുന്നതിന്റെ ബുദ്ധികേന്ദ്രം.
നിയമലംഘനത്തിന്റെ പേരില്‍ പിഴ ഒടുക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റുമായി എപികെ ഫയലായി വന്നിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശം അയയ്ക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എപികെ ഫയല്‍ ഫോണില്‍ തനിയെ ഇന്‍സ്റ്റാള്‍ ആകും.
ഇത് സ്ക്രീന്‍ഷെയറിംഗ് തട്ടിപ്പുകാര്‍ക്ക് കൈമാറുന്നതോടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകുകയും ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും അനായാസം കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുകയും ചെയ്യും. വ്യാജ എംപരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ നഷ്ടപ്പെട്ടതായി എറണാകുളം സ്വദേശി എന്‍സിആര്‍പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. കൊച്ചി സൈബര്‍ പോലീസിലെ പ്രത്യേക സംഘം ഒരാഴ്ചയിലധികം ഉത്തരേന്ത്യയില്‍ തമ്പടിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ നിന്ന് 45 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. 500ലധികം പേര് തട്ടിപ്പിനിരയായി. കേരളം കൂടാതെ ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700ല്‍പ്പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
കോല്‍ക്കത്തയില്‍ നിന്നാണ് റാക്കറ്റിന് വാഹന ഉടമകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത് എങ്ങനെ കോല്‍ക്കത്തയിലെ സംഘത്തിന് ലഭിച്ചു എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍, പോലീസുകാരായ അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന് എന്നീവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.