അയല്‍വാസി തീകൊളുത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
1577610
Monday, July 21, 2025 4:48 AM IST
കൊച്ചി: എറണാകുളം വടുതലയില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. വടുതല കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റി-54) ആണ് മരിച്ചത്. 55 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 6.02നാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ എട്ടിന് പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. 15 ശതമാനം പൊള്ളലേറ്റ ഭാര്യ മേരി (46) ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്റ്റഫര്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
വെള്ളിയാഴ്ച രാത്രിയാണ് ചാത്യാത്ത് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ക്രിസ്റ്റഫറിന്റെയും മേരിയുടെയും ദേഹത്തേക്ക് അയല്‍വാസിയായ വടുതല പൂവത്തിങ്കല്‍ വില്യം കൊറയ (52) കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കൊണ്ട് തീ കൊളുത്തിയത്. ഇരുവരെയും ആക്രമിച്ചശേഷം ഇയാള്‍ തൂങ്ങി മരിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിക്കുസമീപം ഗോള്‍ഡ് സ്ട്രീറ്റിലായിരുന്നു സംഭവം.
കുടുംബവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വില്യം പൊതുവെ ആളുകളുമായി അടുത്ത് ഇടപഴകാത്ത പ്രകൃതക്കാരനായിരുന്നു. ക്രിസ്റ്റഫറും മേരിയുമായി വില്യം നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.
ഇവരുടെ വീട്ടിലേക്ക് മാലന്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ സിസിടിവി കാമറ സ്ഥാപിച്ചതോടെ ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ദമ്പതികളെ വില്യംസ് കൊല്ലാന്‍ ശ്രമിച്ചതാകാമെന്നാണ് പോലീസ് നിഗമനം.