കുത്തിപ്പൊളിച്ച റോഡിൽ പേടിസ്വപ്നമായി വാഹനയാത്ര
1577611
Monday, July 21, 2025 4:48 AM IST
ആലങ്ങാട്: റോഡിൽ കേബിളിടാനും പൈപ്പിടാനുമായി കുത്തിപ്പൊളിച്ച ഭാഗങ്ങൾ കൃത്യമായി മൂടാത്തതുമൂലം അപകടങ്ങൾ ആവർത്തിക്കുന്നതായി പരാതി. തത്തപ്പിള്ളി-കരിങ്ങാംതുരുത്ത് റോഡിന്റെ വശങ്ങളും റോഡിനു കുറുകെയുമാണു കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.
റോഡിന്റെ അരികുകളും പലയിടത്തായി കുത്തിപ്പൊളിച്ചിട്ടുണ്ട്. ഇതുമൂലം അരികു ചേർന്നു പോകുന്ന ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രികരും നിയന്ത്രണം തെറ്റി മറിഞ്ഞു വീഴുകയാണ്. കഴിഞ്ഞദിവസവും തത്തപ്പിള്ളി- കരിങ്ങാംതുരുത്ത് റോഡിലെ കുഴിയിൽ ചാടി ഇരുചക്രവാഹനയാത്രികനു പരിക്കേറ്റു.
ഒട്ടേറെ വാഹനങ്ങൾക്കു കുഴിയിൽ ചാടി നാശം സംഭവിച്ചു. റോഡിന്റെ അരികു ചേർന്നു വാഹനങ്ങൾക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ പരിചയമില്ലാത്ത ആളുകൾ വാഹനങ്ങളിൽ റോഡിന്റെ അരികു ചേർത്തു പോയാൽ ജീവഹാനി സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
ബന്ധപ്പെട്ട അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥയാണ് ഇതിനു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.