സീപോർട്ട്-എയർപോർട്ട് റോഡ് : രണ്ടാം ഘട്ട വികസനത്തിന് 32 കോടി
1577613
Monday, July 21, 2025 4:48 AM IST
ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് എൻഎഡി ഭൂമി ഏറ്റെടുക്കാനുള്ള തുക അടക്കം 32. 26 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികളിലേക്ക് ഒരു മാസത്തിനുള്ളിൽ കടക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽ നിന്ന് 2 .4967 ഹെക്ടർ ഭൂമിയാണ് വിട്ടുകിട്ടുക. റോഡ് നിർമാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണാപത്രം ജനുവരിയിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തുക അനുവദിച്ചത്.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ തുടർ നടപടികളിലേക്ക് ഉടനെ കടക്കും. റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയും.
കാൽ നൂറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ പ്രധാന കടമ്പയായിരുന്നു എൻഎഡി ഭൂമിപ്രശ്നം. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻഎഡിയുമായുള്ള ധാരണപ്രകാരം എച്ച്എംടി - എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കും.