പറവൂർ-മൂത്തകുന്നം റോഡിന്റെ ദുരവസ്ഥ: ദേശീയപാതാ അധികൃതരുമായി ചർച്ച നടത്തി
1577614
Monday, July 21, 2025 4:48 AM IST
പറവൂർ: ദേശീയപാത പറവൂർ - മൂത്തകുന്നം റോഡിലെ ദുരവസ്ഥ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിൽ ദേശീയപാതാ പ്രൊജക്ട് ഡയറക്ടർ പി. പ്രദീപുമായി ചർച്ച നടത്തി.
ദേശീയപാത 66 നിർമാണം നടത്തുന്ന കമ്പനിയാണ് നിലവിലെ ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇക്കാര്യത്തിൽ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇവർക്ക് കർശന നിർദേശം നൽകിയെങ്കിലും ഇനിയും അറ്റകുറ്റപ്പണി ആരംഭിക്കാൻ ദേശീയപാതാ അധികൃതർ തയാറായിട്ടില്ല.
ചിറ്റാറ്റുകര പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ചിറ്റാറ്റുകര മുതൽ ആലുംമാവ് വരെയുള്ള റോഡ് കുണ്ടും കുഴിയുമായി പൂർണമായും തകർന്ന നിലയിലാണ്. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരം വേണമെന്ന് അവർ പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഉടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
പട്ടണം കവലയിൽ നിന്നും ചിറ്റാറ്റുകരയിലേക്ക് പോകുന്ന സർവീസ് റോഡിന്റെ വിഷയത്തിൽ പഞ്ചായത്ത് നൽകിയ നിർദേശം പ്രദേശത്തെ സാധ്യത കൂടി പരിശോധിച്ച് പരിഗണിക്കുമെന്ന ഉറപ്പും പ്രോജക്ട് ഡയറക്ടർ നൽകിയതായി ശാന്തിനി ഗോപകുമാർ അറിയിച്ചു.