പഠിച്ച സ്കൂൾ ഓർമയായെങ്കിലും അവരുടെ സൗഹൃദത്തിന് മങ്ങലില്ല...
1577623
Monday, July 21, 2025 5:05 AM IST
ഏലൂർ: പഠിച്ചിരുന്ന സ്കൂൾ ഓർമയായെങ്കിലും അവരുടെ സൗഹൃദത്തിന് മങ്ങലേറ്റില്ല. ഫാക്ട് വെസ്റ്റേൺ യുപി സ്കൂൾ പ്രവർത്തിച്ചിരുന്നിടത്ത് ഇന്ന് കൂറ്റൻ പുകക്കുഴലുകളും പ്ലാന്റുകളുടെ കാതടപ്പിക്കുന്ന ശബ്ദവും മാത്രമേ കേൾക്കാനുള്ളൂ.
വില്ലിംഗ്ടൺ ഐലൻഡിലുള്ള ഫാക്ടിന്റെ അമോണിയ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധിയെത്തുടർന്ന് ഏലൂർ ഉദ്യോഗമണ്ഡലിലേക്ക് അത് മാറ്റി സ്ഥാപിച്ചപ്പോൾ 1995 ൽ വെസ്റ്റേൺ സ്കൂൾ പൊളിച്ചുമാറ്റുകയായിരുന്നു.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ ഉണ്ടായിരുന്നു. 650 ഓളം കുട്ടികൾ ഒരേ വർഷം പഠിച്ചിരുന്ന വിദ്യാലയം. കൂട്ടത്തിൽ ഒരു നേഴ്സറി, 150 ഓളം ക്വാർട്ടേഴ്സുകൾ, സ്ലീപിംഗ് ഷെൽട്ടർ , ഡോർമിറ്ററി തുടങ്ങിയവയും പൊളിച്ചു മാറ്റിയിരുന്നു.
അൻപത് വർഷങ്ങൾക്കുശേഷം ഏലൂരിലെ ടൂറിസ്റ്റ് ഹോമിൽ നാല്പതോളം പൂർവവിദ്യാർഥികൾ ഒന്നിച്ചു കൂടുമ്പോൾ വിവിധ ബാച്ചുകളിലെ ഷഷ്ഠിപൂർത്തി കഴിഞ്ഞവരും സപ്തതിയിലെത്തിയവരും സംഗമത്തിൽ പങ്കെടുക്കാനെത്തി.
മുൻ അധ്യാപിക ഐഷ ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. ജോലിയുടെ ഭാഗമായും കല്യാണം കഴിഞ്ഞും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാസമുറപ്പിച്ചവർ പഴയ സഹപാഠികളെ കാണാൻ വിദൂരങ്ങളിൽ നിന്നുപോലും എത്തി.