ആഴക്കടലിൽ മത്സ്യസാന്നിധ്യം കുറവ്; ചതിച്ചത് അശാസ്ത്രീയ മത്സ്യബന്ധനമെന്ന്
1577625
Monday, July 21, 2025 5:05 AM IST
വൈപ്പിൻ : ഈ സീസണിൽ ഒഴുക്കു വലക്കാർക്ക് മത്സ്യലഭ്യത കുറഞ്ഞു. ചതിച്ചത് ട്രോളിംഗ് ബോട്ടുകൾ കടലിൽ നടത്തിയിരുന്ന അശാസ്ത്രീയ മത്സ്യബന്ധനമെന്ന ആരോപണവുമായി ഒഴുക്കുവല വള്ളങ്ങളിലെ തൊഴിലാളികളും ചില തരകൻമാരും രംഗത്ത്.
രാത്രി കാലങ്ങളിൽ വളരെയധികം പ്രകാശംചൊരിയുന്ന വൈദ്യുതി വിളക്കുകൾ കടലിൽ താഴ്ത്തി ഇതിന് ചുറ്റിലും ചൂണ്ട ഇട്ട് മത്സ്യങ്ങളെ പിടിക്കുന്ന അശാസ്ത്രീയമായ രീതി ഇന്ന് പല ട്രോളിംഗ് ബോട്ടുകളും അനുവർത്തിച്ചു പോരുന്നുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്.
നാലോ അഞ്ചോ ബോട്ടുകൾ ചേർന്നാണ് ഇത്തരം മത്സ്യബന്ധനം നടത്തുന്നതത്രേ. ചുറ്റും ലൈറ്റുകൾ കടലിലേക്ക് ഇറക്കി ഒരു ബോട്ട് മധ്യഭാഗത്തായി നിലകൊള്ളും. ഈ സമയം ചുറ്റിലുമുള്ള ബോട്ടുകൾ ഈ ഭാഗത്ത് ചൂണ്ടയിട്ട് വൻ മത്സ്യങ്ങളെ പിടികൂടുകയാണ് ചെയ്യുക. കടലിനടിയിലെ പ്രകാശം കണ്ട് ആകർഷിച്ച് മുട്ടയിടാൻ പാകമായി നിൽക്കുന്ന കണവ, നെയ്മീൻ, ശീലാവ്, വറ്റ, കേര തുടങ്ങിയ മത്സ്യങ്ങളാണ് ചൂണ്ടയിൽ കുരുങ്ങുന്നത്.
ഇതേത്തുടർന്ന് പ്രജനനം നടക്കാതെ മത്സ്യങ്ങൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി മൂലം ഇക്കുറി മൺസൂൺ സീസൺ പകുതിയായിട്ടും സാധാരണ കണ്ടുവരാറുള്ള നെയ്മീൻ , കേര, ഓലക്കൊടിയൻ തുടങ്ങിയ മത്സ്യങ്ങൾ ഒഴുക്ക് വലക്കാർക്ക് കാര്യമായി കിട്ടുന്നില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ ട്രോളിംഗ് ബോട്ടുകളുടെ ഇത്തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധനത്തിന് തടയിടാൻ ഫിഷറീസ് വകുപ്പോ മറ്റു ഉദ്യോഗസ്ഥരോ ശ്രമിക്കാറില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.