അഴിയാക്കുരുക്ക്
1585091
Wednesday, August 20, 2025 4:30 AM IST
കൃത്യസമയത്ത് ഒരിടത്ത് എത്തണമെന്നു കരുതി റോഡിലിറങ്ങിയാല്‍ അതു നടക്കുമോ എന്ന കാര്യം കണ്ടറിയണം. കാരണം അതിനു പറ്റിയ സാഹചര്യമല്ല ഇന്ന് ജില്ലയിലെ റോഡുകളിലുള്ളത്. ദേശീയപാത മുതല്‍ നഗരത്തിലെ ചെറു റോഡുകള്‍ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണിപ്പോള്‍. റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം പെരുകുന്നതാണ് അധികൃതര്‍ പറയുന്ന ന്യായമെങ്കില്‍ റോഡിന്റെ ശോചനീയാവസ്ഥയാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്ന കുറ്റം. ഓണത്തിരക്കും യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികളുമെല്ലാം യാത്രക്കാരെ റോഡിൽ വട്ടംകറക്കുന്നു. നല്ല റോഡുകള്‍ ജനങ്ങളുടെ അവകാശമാണെന്നതുപോലെ സമയവും വിലപ്പെട്ടതാണ്. അത് റോഡില്‍ നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
കുരുക്കഴിയാതെ വൈറ്റില
കൊച്ചി നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വൈറ്റില ജംഗ്ഷനിലെ ഗതാഗത പ്രശ്നത്തിന് ശ്വാശത പരിഹാരമെന്ന നിലയില്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മിച്ചെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല. എളംകുളംപാലം മുതല്‍ വൈറ്റില വരെയും തൈക്കൂടം മെട്രോ സ്റ്റേഷന് മുതല്‍ വൈറ്റില വരെയും തിരക്കേറിയ സമയങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്.
പൊട്ടിപ്പൊളിച്ച റോഡും കെഎസ്ഇബി ഓഫീസിന് മുന്നിലെ ട്രാഫിക് ഡൈവേര്ഷനുമാണ് ഈ റോഡിലെ പ്രശ്നമെങ്കില്‍ മദേഴ്സ് ഹോസ്പിറ്റലിന് മുന്നില്‍ വൈറ്റില ജംഗ്ഷനിലെ വീതികുറവാണ് എസ്എ റോഡിലെ ഗതാഗതക്കുരുക്കിന് കാരണം. ഇവിടെ വിഭാവനം ചെയ്ത ഒന്നര കോടിയുടെ ട്രാഫിക് പരിഷ്കരണ പദ്ധതി നടപ്പായാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കളമശേരിയിലെ പാളിയ പരിഷ്കാരം
ഇടപ്പള്ളി മുതല്‍ കളമശേരി പ്രീമിയര്‍ ജംഗ്ഷന്‍വരെ തുടര്‍ച്ചയായ സിഗ്നലുകളില്പ്പെടുന്നത് ഒഴിവാക്കാന്‍ എച്ച്എംടി ജംഗ്ഷനില്‍ കൊണ്ടുവന്ന പരിഷ്കാരം ഒരു വശത്ത് വിജയിച്ചപ്പോള്‍ വാഹനം തിരിച്ചുവിടുന്ന എച്ച്എംടി കവല വരെയുള്ള ഭാഗത്ത് രുക്ഷമായ ഗതാഗതക്കുരുക്കാണ് സമ്മാനിച്ചത്.
ആലുവയില്‍ നിന്നുവരുന്ന വാഹനങ്ങളും ഇടപ്പള്ളി ഭാഗത്തുനിന്നു സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കുള്ള വാഹനങ്ങളും ആര്യാസ് ഹോട്ടലിന് മുന്നിലൂടെ തിരിഞ്ഞ് കയറുമ്പോള്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. റോഡിലെ കുണ്ടും കുഴിക്കും പുറമേ റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതികുറവുമാണ് കുരുക്കിന് കാരണം.
പേരുദോഷമായി ഇടപ്പള്ളി
ദേശീയപാതകളുടെ സംഗമമായ ഇടപ്പള്ളി നേരത്തെ മുതല്‍ ഗതാഗതക്കുരുക്കിന് പേരുദോഷം കേള്‍ക്കുന്ന ഇടമാണ്. മേല്‍പ്പാലവും മെട്രോയും വന്നെങ്കിലും ഇവിടെയും കുരുക്കിന് കുറവില്ല. മിനിറ്റുകളോളം ഗതാഗതക്കുരുക്കില്‍ കിടന്ന് സിഗ്നല്‍ താണ്ടിയാലും കടന്നുചെല്ലുന്നത് എന്‍എച്ച് 544 ലെ ബ്ലോക്കിലേക്കാണ്. വൈകുന്നേരമായാല്‍ പത്തടിപ്പാലം വരെ കടന്നുകിട്ടാന്‍ ഭഗീരഥ പ്രയത്നം വേണ്ടിവരും.
പമ്പിനു മുന്നിലെ വാഹനങ്ങള്‍ യു ടേണ്‍ എടുത്ത വരുന്ന ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇടപ്പള്ളി ജംഗ്ഷനിലെ ബ്ലോക്ക് ഒഴിവാക്കാന്‍ മേല്‍പ്പാലം കയറിയാലും ഇറങ്ങിച്ചെല്ലുന്നതു പള്ളിക്കു മുന്നിലെ ബ്ലോക്കിലേക്കാണ്. ബൈപ്പാസില്‍ മേല്‍പ്പാലത്തിന്റെ പൈലിംഗ് ജോലികള്‍ നടക്കുന്ന ഭാഗത്തും തിങ്ങിനിരങ്ങിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
കുരുക്കാകുന്ന യു ടേണുകള്‍
മെട്രോ കടന്നുപോകുന്ന പാതയില്‍ യുടേണ്‍ ഉള്ളിടത്തെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇടപ്പള്ളി മുതല്‍ എസ്എന്‍ ജംഗ്ഷന്‍വരെയുള്ള ഭാഗങ്ങളില്‍ വീതി കുറവായതിനാല്‍ യു ടേണ്‍ പോയിന്റുകളില്‍ വാഹനങ്ങള്‍ കുരുക്കില്‍പ്പെടും. പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് മുതല്‍ സിഗ്നല്‍ വരെയും സെന്റ് മാര്ട്ടിന് പള്ളിക്ക് മുന്‍വശവും ബ്ലോക്ക് രൂക്ഷമാണ്.
എതിര്‍വശത്തും ഇതുതന്നെയാണ് അവസ്ഥ. എംജി റോഡിലും എസ്എ റോഡിലുമെല്ലാം യു ടേണ്‍ പോയിന്റുകള്‍ ബ്ലോക്ക് സൃഷ്ടിക്കുന്ന ഇടങ്ങളാണ്. ശാസ്ത്രീയമായ ഗതാഗത ക്രമീകരണം ഒരുക്കിയെങ്കില്‍ മാത്രമേ യു ടേണ്‍ പോയിന്റുകളിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകു.
വിമാനയാത്രികർക്ക് വലിയ നഷ്ടം
ഗതാഗതക്കുരുക്കിന് വലിയ വില കൊടുക്കേണ്ടി വരുന്നത് വിമാനയാത്രക്കാരാണ്. ദേശീയ, സംസ്ഥാന പാതകളെ ആശ്രയിച്ച് വിമാനത്താവളം ലക്ഷ്യമാക്കിയിറങ്ങുന്നവര് മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കുടങ്ങി യാത്ര മുടങ്ങുന്ന സംഭവങ്ങള്‍ ഏറെയാണ്.
ദേശീയപാത 544 ലെ തൃശൂര്‍-അങ്കമാലി ഭാഗത്തും എംസി റോഡിൽ മൂവാറ്റുപുഴ നഗരത്തിൽ നടക്കുന്ന നിര്‍മാണ പ്രവർത്തനങ്ങൾ അവരുടെ യാത്രാ സമയക്രമത്തെ തകിടം മറിക്കുന്നു. തൃശൂര്‍ മുതല്‍ നെടുമ്പാശേരിവരെ ഒന്നര മണിക്കൂര്‍ യാത്രാസമയം എടുക്കുന്ന സ്ഥാനത്ത് ദേശീയപാതയിലെ കുരുക്കില്‍പ്പെട്ട് മൂന്നു മണിക്കൂറിലധികമാണ് ഇവര്‍ക്കു നഷ്ടമാകുന്നത്. ബ്ലോക്കുകള്‍ താണ്ടി വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും വിമാനം പറന്നുയര്‍ന്നിട്ടുണ്ടാകും.
ഗോശ്രീയിലും ദുരിതം
വൈപ്പിന്‍ ദ്വീപ് നിവാസികള്‍ക്ക് ശാപമായി ഗോശ്രീ റോഡില്‍ ഗതാഗതക്കുരുക്ക് തുടരുകയാണ്. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ ഗോശ്രീ റോഡ് കടക്കാന്‍ ദുരിതമാണ്. ഇതിനിടയില്‍ കണ്ടെയ്നര്‍ ലോറികള്‍ ബ്രേക്ക്ഡൗണ്‍ ആയാല്‍ ഗതാഗതക്കുരുക്കിന്റെ ദൈര്‍ഘ്യം വീണ്ടും മണിക്കൂറുകൾ വർധിക്കും.
ദ്വീപ് നിവാസികള്‍ സമരവുമായി രംഗത്തെത്തിയപ്പോള്‍ 26ന് അറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് നാഷണല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ഗോശ്രീ സമാന്തര പാലം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് തുറന്നെങ്കിലും ഗതാഗതക്കുരുക്കിനു അറുതിയില്ല. കുരുക്കുമാറാന് ഒന്നാം പാലത്തിന് സമാന്തരപാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേണം പുതിയ റോഡുകൾ
പുതിയ റോഡുകളാണ് നിലവിലുള്ള ഗതാഗതക്കുരുക്കിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം. മൂവാറ്റുപുഴയിലും കോതമംഗലത്തും രണ്ട് ബൈപാസ് ഇടനാഴികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മൂവാറ്റുപുഴ ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.
അങ്കമാലിയെ കൊടുങ്ങല്ലൂരുമായി ബന്ധിപ്പിക്കുന്ന നീളമുള്ള വെസ്റ്റേണ്‍ ബൈപാസ് പദ്ധതിയും എന്‍എച്ച്എയുടെ ആലോചനയിലുണ്ട്. 20 കിലോമീറ്ററില്‍ ആറുവരിപാതയ്ക്കാണ് കേന്ദ്ര ഗതാഗത മന്ത്രിക്ക് മുന്നില്‍ നിര്‍ദേശം വച്ചിട്ടുള്ളത്. നിര്‍ദേശം നടപ്പായാല്‍ അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമാകും.
മന്ത്രി രാജീവിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
കൊച്ചി: റോഡുകള്‍ ഗാതാഗത യോഗ്യമാക്കാത്തതിലും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27 ന് രാവിലെ 10.30ന് മന്ത്രി പി. രാജീവിന്റെ കളമശേരിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സർക്കാര്‍ കൊണ്ടുവന്ന കൊച്ചി മെട്രോ ഗുണകരമാണെങ്കിലും ദേശീയപാതയിലെയും എംസി റോഡിലേയും യാത്രാ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന് ഷിയാസ് കുറ്റപ്പെടുത്തി.
എംസി റോഡില്‍ തെല്ലാശ്വാസം
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ വലിയപാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതകുരുക്കിന് നേരിയ ശമനമായി. എംസി റോഡില്‍ കച്ചേരിത്താഴത്ത് ഗർത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വലിയ പാലം അടച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
ഇന്നലെ രാവിലെ മുതലാണ് വാഹനങ്ങള്‍ക്കായി വലിയപാലം തുറന്നു കൊടുത്തത്. ഇതോടെ ഇന്നലെ നഗരത്തിലെങ്ങും വലിയ ഗതാഗതക്കുരുക്കുകളൊന്നും ഉണ്ടാകാതിരുന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി.
ഇരുമ്പ് ഷീറ്റ് പൈലിംഗ് നടത്തിയാണ് നിലവിലുള്ള റോഡ് താല്‍ക്കാലികമായി ബലപ്പെടുത്തിയിരിക്കുന്നത്. ഗര്‍ത്തത്തിന്റെ ശാശ്വത പരിഹാരത്തിനും പഠനത്തിനുമായി കെആര്‍എഫ്ബി ഉന്നതതല സംഘം ഇന്നു സ്ഥലം സന്ദര്‍ശിക്കും.
യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം അപകടസാഹചര്യം തോന്നിയാല്‍ മുന്നറിയിപ്പില്ലാതെ പാലം അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.