ആലുവയിൽ ജൈവമാലിന്യം സംസ്കരിക്കാൻ ഓട്ടോമാറ്റിക് ബൂത്ത് തുറക്കുന്നു
1585271
Thursday, August 21, 2025 4:38 AM IST
ആലുവ: ദൈനംദിന ജൈവമാലിന്യ സംസ്കരണത്തിൽ പുതിയ പാത വെട്ടിത്തുറന്ന് ആലുവ നഗരസഭ. റോബോട്ടിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് റോബോബിന്‍ മാലിന്യ സംസ്കരണ ബൂത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിര്‍വഹിക്കും.
ആലുവ നഗരസഭാ കാര്യാലയ കോമ്പൗണ്ടിൽ ഒരു വർഷത്തിലധികമായി നടത്തി പരീക്ഷിച്ച് വിജയിച്ച സംസ്കരണ ബൂത്ത് മഹാത്മഗാന്ധി സ്ക്വയറിലാണ് പൊതുജനങ്ങൾക്കായി ശനിയാഴ്ച പ്രവർത്തനമാരംഭിക്കുക.
ആറ് മണിക്കൂർ കൊണ്ടാണ് മാലിന്യം വളമായി മാറുന്നത്. ഒരു കിലോ മാലിന്യം വളമാക്കാൻ ഏഴ് രൂപയാണ് ഈടാക്കുന്നത്. അതിൽ രണ്ട് രൂപ വീതം നഗരസഭയ്ക്ക് ലഭിക്കും.
ബാങ്ക് എടിഎം കൗണ്ടർ മാതൃകയിൽ ആലുവ നഗരസഭാ ഓഫീസ് വളപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പുതിയ സംവിധാനം പരീക്ഷിച്ചത്. നഗരസഭാ കാന്റീനിലെ ഭക്ഷണ മാലിന്യമാണ് ഇവിടെ ഉപയോഗിച്ചത്. ആദ്യഘട്ടത്തിൽ രണ്ടെണ്ണമാണ് ആലുവ നഗരസഭ സ്ഥാപിക്കുന്നത്. രണ്ടാമത്തേത് ആലുവ മാർക്കറ്റിൽ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
എടയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോബോബിൻ എൻവിറോ ടെക് എന്ന സ്ഥാപനമാണ് ഉപജ്ഞാതാക്കൾ.ബൂത്തിന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള ത്രാസിലേക്കാണ് ആവശ്യക്കാർ മാലിന്യം വയ്ക്കേണ്ടത്. തൂക്കം, തുക എന്നിവ സൂചിപ്പിച്ച് ക്യൂ ആർ കോഡ് സ്ക്രീനിൽ തെളിയും. ഗൂഗിൾ പേ വഴി സ്കാൻ ചെയ്ത് തുക അടച്ചാൽ ബോക്സ് പുറത്തേക്ക് വരും. ഇതിലാണ് മാലിന്യം നിക്ഷേപിക്കേണ്ടത്.
റോബോട്ടിക് ബയോവേസ്റ്റ് മാനേജിംഗ് എക്സ്പീരിയൻസ് എയർ കണ്ടീഷൻ പബ്ലിക് ബൂത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. 22 ലക്ഷം രൂപ മുടക്കിയാണ് ആദ്യ ബൂത്ത് ആലുവയിൽ സ്ഥാപിച്ചത്.