പരാതിക്കാരനു മർദനം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡിജിപിക്കു പരാതി
1585276
Thursday, August 21, 2025 4:38 AM IST
ആലങ്ങാട്: ആലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വയോധികനു മർദനമേറ്റ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡിജിപിക്കു പരാതി. ആലങ്ങാട് സിഐ ജസ്റ്റിൻ, എസ്ഐ പ്രദീപ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കെതിരെയാണു ഇയാളുടെ കുടുംബം മർദിച്ചതായി പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആലങ്ങാട് സ്റ്റേഷനിൽ പരാതിനൽകാൻ പോയ ആലങ്ങാട് മാളികംപീടിക കൃഷ്ണഭവനിൽ ചന്ദ്രനെ(61) മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറ്ററിംഗുമായി ബന്ധപ്പെട്ട തുക നൽകാൻ താമസിച്ചതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചിലർ ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്കൂട്ടറും പണവും ഉൾപ്പെടെ കവർന്നതായി പറയപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ടു പരാതി നൽകാനാണു ചന്ദ്രൻ സ്റ്റേഷനിൽ എത്തിയത്. എന്നാൽ പിന്നീട് ചന്ദ്രനെ മർദനമേറ്റ നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. നിലവിൽ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം വിവാദമായതോടെ വിഷയം ഒത്തുത്തീർപ്പാക്കാനായി കുടുംബത്തെ പലരും സമീപിക്കുന്നതായും സൂചനയുണ്ട്.