പുതിയ വോട്ടർമാരെ ചേർക്കൽ : മൂവാറ്റുപുഴ നഗരസഭയിൽ സംഘർഷം
1585113
Wednesday, August 20, 2025 4:56 AM IST
സിപിഎം കൗൺസിലർക്കു പരിക്ക്
മൂവാറ്റുപുഴ: നഗരസഭയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘർഷത്തില്‍ കലാശിച്ചു. നഗരസഭാംഗത്തിന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. 30-ാം വാര്‍ഡ് കൗണ്‍സിലര്‍ സുബൈറിന്റെ നേതൃത്വത്തില്‍ ഹിയറിംഗിനായി മുറിയിലേക്ക് കയറുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകര്‍ ഒരുവശത്തും സിപിഎം കൗണ്‍സിലര്‍മാരടക്കം മറുവശത്തും നിന്ന് തര്‍ക്കം രൂക്ഷമായി. ഇതിനിടെയാണ് നഗരസഭാംഗവും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ എ.കെ. അനില്‍കുമാറിന് പരിക്കേറ്റത്. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ ഒരുപറ്റം യുവാക്കളും നഗരസഭാ ഓഫീസിലേക്കെത്തി.
ഗുണ്ടകളെന്നാരോപിച്ച് യുവാക്കളെയും കൗണ്‍സിലര്‍ സുബൈറിനെയും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയ സെക്രട്ടറി അനീഷ് മാത്യുവിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ മൂവാറ്റുപുഴ സിഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് യുവാക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ ഒരു വിഭാഗം തടഞ്ഞെങ്കിലും ഇവരെ തള്ളി നീക്കിയാണ് പോലീസ് പോയത്.
നഗരസഭാംഗത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പായിപ്ര മുതിരക്കാലായില്‍ റെമിന്സിനെതിരേയും, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ 30-ാം വാര്‍ഡില്‍ മാത്രം 250-ഓളം കള്ളവോട്ടുകളാണ് ചേര്‍ത്തിട്ടുള്ളതെന്നും അതിര്‍ത്തി പഞ്ചായത്തായ പായിപ്രയില്‍ നിന്നുപോലും ബന്ധുക്കളുടെ വോട്ടുകള്‍ ചേര്‍ത്ത് ഹിയറിംഗിനെത്തിച്ചെന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
എന്നാല്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ഇടതുപക്ഷം വ്യാപകമായ ക്രമക്കേട് നടത്തുകയാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് നഗരസഭയിലുണ്ടായ ആക്രമത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സലാം എന്നിവര്‍ പറഞ്ഞു.