വീട്ടമ്മയുടെ ആത്മഹത്യ : പ്രദീപ് കുമാറിന്റെ മകൾക്ക് ജാമ്യം
1585695
Friday, August 22, 2025 5:13 AM IST
പറവൂർ: പണം പലിശക്കു നൽകിയതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശ(46) പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കോട്ടുവള്ളി സൗത്ത് കടത്തുകടവിൽ ദീപ(38)യ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ്കുമാറിന്റെയും ബിന്ദുവിന്റെയും മകളാണ് ദീപ.
തിങ്കളാഴ്ച ആശയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ച് പ്രശ്നമുണ്ടാക്കിയ പ്രദീപ്കുമാറിന്റെയും ബിന്ദുവിന്റെയും കൂടെ മക്കളായ ദീപയും, ദിവ്യയും ഉണ്ടായിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നാലുപേർക്ക് എതിരേയും കേസ് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കലൂരിലെ ഭർത്താവിന്റെ ഓഫീസിൽ നിന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവോടെ കസ്റ്റഡിയിലെടുത്ത ദീപയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മരിച്ച ആശയും പ്രദീപ്കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
പ്രദീപ്കുമാറിൽ നിന്ന് ആശ വൻതുക പലിശയ്ക്കു വാങ്ങിയ വിവരം അടുത്തിടെയാണ് ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കൾ അറിഞ്ഞത്. പണം ഏതു വിധത്തിൽ ചെലവഴിച്ചു എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രദീപ്കുമാർ, ബിന്ദു, മകൾ ദിവ്യ എന്നിവരെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കി.