നഗരസഭയിൽ കന്യാസ്ത്രീകൾക്ക് വോട്ടവകാശം നിഷേധിക്കുന്നു: കോൺഗ്രസ് പരാതി നൽകി
1585681
Friday, August 22, 2025 5:04 AM IST
മൂവാറ്റുപുഴ: നഗരസഭ പരിധിയിലുള്ള വിവിധ കോൺവെന്റുകളിലെ സ്ഥിര താമസക്കാരായ കന്യാസ്ത്രീകൾക്ക് വോട്ടവകാശം നിഷേധിക്കുന്നതായി പരാതി. ഇതു സംബന്ധിച്ചു കോൺഗ്രസ് നഗരസഭ സെക്രട്ടറിക്കു പരാതി നൽകി. സിപിഎം പ്രവർത്തകർ ഇവരെ ഭീഷണിപ്പെടുത്തുന്നതയും പരാതിയിൽ പറയുന്നു.
നഗരസഭ ജീവനക്കാർ എന്ന വ്യാജേന കോൺവെന്റുകളിൽ കടന്നു ചെന്നാണ് ഇവർ ഭീഷണി മുഴക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവും നോക്കി വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം ആണെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പറഞ്ഞു.
കന്യാസ്ത്രീകളുടെ വോട്ട് സംബന്ധിച്ചു പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി ഇവർക്കു ജനാധിപത്യപരമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൾ സലാം, ബ്ലോക്ക് ഭാരവാഹികളായ ജോയ്സ് മേരി ആന്റണി, കെ.കെ. സുബൈർ, മുഹമ്മദ് ചെറുകപ്പിള്ളി, പി.പി. അലി, ഖാദർ കടികുളം എന്നിവരാണ് പരാതി നൽകിയത്.