മിന്നൽ പരിശോധന : 115 ബസുകളിൽ ചട്ടലംഘനം
1585263
Thursday, August 21, 2025 4:11 AM IST
കാക്കനാട്: എറണാകുളം, മൂവാറ്റുപുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാരുടെ നിര്‍ദേശപ്രകാരം ഇന്നലെ നടത്തിയ മിന്നല്‍പരിശോധനകളില്‍ 115 ബസുകൾക്കെതിരേ നടപടി. 42 സ്കൂള്‍ ബസുകള്‍ക്കും 73 സ്വകാര്യ ബസുകള്ക്കുമെതിരേയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. എറണാകുളത്ത് നിന്നും രണ്ട് സ്ക്വാഡും, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നും ഓരോ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്കൂള്‍ വാഹനങ്ങള്‍ക്ക് 34,750 രൂപയും സ്വകാര്യ ബസുകള്‍ക്കെല്ലാം കൂടി 1, 22, 200 രൂപയും പിഴയിട്ടു.
മദ്യപിച്ചു വാഹനമോടിക്കല്‍, പെര്‍മിറ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍, സ്കൂള്‍ വാഹനങ്ങളില്‍ പ്രവര്‍ത്തിപരിചയം ഇല്ലാത്ത ഡ്രൈവര്‍മാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനനങ്ങള്‍, യൂണിഫോം ധരിക്കാത്തതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനം ഓടിച്ചവർ തുടങ്ങിയ ഇനത്തിലും പിഴ ചുമത്തി. പെരുമ്പാവൂര്‍ സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലുള്ള പട്ടിമറ്റം, കിഴക്കമ്പലം, പെരുമ്പാവൂര്‍ കുറുപ്പംപടി,പോഞ്ഞാശേരി, വല്ലം, കൂവപ്പടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
മദ്യപിച്ച് സ്കൂള്‍ വാഹനം ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം എറണാകുളം എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സോണി ജോണ്‍ കുട്ടികളെ സുരക്ഷിതമായി സ്കൂളില്‍ എത്തിച്ചും മാതൃകയായി. സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയില്‍ 73 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് 1,22,200രൂപ പിഴയായും ഈടാക്കി.
പെര്‍മിറ്റില്ലാത്തതും,ടാക്സ് അടക്കാത്തതുമായ വാഹനങ്ങള്‍, നിരോധിത എയര്‍ഹോണ്‍ ഘടിപ്പിച്ചവ, ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ചട്ടലംഘനങ്ങള്‍ക്കും കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) എറണാകുളം അറിയിച്ചു.