ടോറസ് ലോറി സ്കൂള്‍ ബസിലിടിച്ചു : 18 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
1585258
Thursday, August 21, 2025 4:11 AM IST
മൂവാറ്റുപുഴ: കരിങ്കല്ല് കയറ്റി അമിത വേഗത്തിലെത്തിയ ടോറസ് ലോറി സ്കൂള്‍ ബസിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 കുട്ടികള്‍ക്കും, ഇതോടൊപ്പം കൂട്ടിയിടിച്ച ക്രൂയിസ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെ മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയില്‍ കിഴക്കേക്കര മണിയംകുളം കവലയിലായിരുന്നു അപകടം.
മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ ബസിനു മുന്നില്‍ ക്രൂയിസ് വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ പിറകിലുണ്ടായ സ്കൂള്‍ ബസും വേഗത കുറയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അമിതവേഗത്തില്‍ പിന്നാലെയെത്തിയ ടോറസ് ലോറി സ്കൂള്‍ ബസിനു പിന്നിലിടിച്ചത്. ഇതോടെ മൂന്നു വാഹനങ്ങളും കൂട്ടിയിടിച്ചു. സ്കൂള്‍ ബസിനും ക്രൂയിസ് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
അപകടത്തില്‍ മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ എസ്. ശ്രീപാല്(12), ഇവാന് ജോര്‍ജ് മാത്യു(നാല്), സിയാന് റാബി ആദം (ഒമ്പത്), ജൂഡ് ജോര്‍ജ് മാത്യു (ഒമ്പത്), ലോറ വില്യം(10), ധ്യാന്‍ തോമസ് (ഏഴ്), മുഹമ്മദ് അയാന് (ഒമ്പത്), ആന്‍ഫിന്‍ റെജി (ഏഴ്), എഞ്ചല്‍ റെജി (11), മീര ഹാരീസ് (11), അലീന ആര്. മഞ്ജേഷ് (16), സെലീന സേറ മഞ്ജേഷ് (അഞ്ച്), ഇവാന് ജോര്‍ജ് മാത്യു (14) ഇവരില്‍ അഞ്ച് പേരെ എംസിഎസ് ആശുപത്രിയിലും എട്ടുപേരെ നിര്‍മല മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.
ക്രൂയിസ് വാഹനത്തിലുണ്ടായിരുന്ന നിര്‍മല പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അയാന് (ഒമ്പത്), ആര്‍ച്ച നീരജ് (എട്ട്), ദേവസൂര്യ വിമല്‍ (10), ദേവജിത്ത് വിനില്‍ (14), കെ. ഇവാന്ഞ്ചലി(ഒമ്പത്) എന്നിവരെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖത്ത് മുറിവേറ്റ ആന്‍ഫിന്‍ റെജിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരമായി പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.