കൂറ്റൻ പാറക്കഷണം റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടു
1585116
Wednesday, August 20, 2025 4:56 AM IST
മൂവാറ്റുപുഴ: കൂറ്റൻ പാറക്കഷണം റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടു. ആരക്കുഴ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പെരുമ്പല്ലൂർ പോസ്റ്റ് ഓഫീസ്- മാറാടി റോഡിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ ഉഗ്ര ശബ്ദത്തോടുകൂടി സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള പാറക്കഷണം റോഡിലേക്ക് പതിക്കുകയായിരുന്നു.
മൂവാറ്റുപുഴ പണ്ടപ്പിള്ളി ലിങ്ക് റോഡിൽ നിന്നും എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് -മാറാടി ലിങ്ക് റോഡ്. ദിവസേന സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രകരുടെ ആശ്രമായിരുന്ന റോഡിലേക്ക് പാറകഷണം പതിച്ചതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവം അറിഞ്ഞു നാട്ടുകാരും പൊതുപ്രവർത്തകരും സ്ഥലത്തെത്തി.
കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് പാലുംമൂട്ടിലിന്റെ നേതൃത്തിൽ ജെസിബി ഉപയോഗിച്ച് പാറക്കക്ഷണം നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാന രീതിയിൽ കരിങ്കൽകൂട്ടം റോഡിലേക്ക് പതിച്ചിരുന്നു.അന്ന് മുതൽ നിരന്തരമായി പരാതി ഉന്നയിച്ചിട്ടും പരിഹാര നടപടി അധികാരികളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.