ഇരട്ട സ്വര്‍ണവുമായി അഞ്ജലി
1585688
Friday, August 22, 2025 5:04 AM IST
കൊച്ചി: ഇരട്ട സ്വര്‍ണ നേട്ടത്തോടെ മീറ്റിലെ മിന്നും താരമായി തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനി അഞ്ജലി പി.ജോഷി. അണ്ടര്‍ 19 വിഭാഗത്തില്‍ 100, 200 മീറ്ററുകളിലാണ് അഞ്ജലി സ്വര്‍ണം നേടിയത്.
കഴിഞ്ഞ വര്‍ഷവും ഇതേ ഇനങ്ങളില്‍ അഞ്ജലി ഇരട്ട സ്വര്‍ണ നേട്ടത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു.
ഇന്നലെ 200 മീറ്ററില്‍ 27.5 സെക്കന്‍ഡ് എന്ന കരിയറിലെ മികച്ച സമയം കുറിച്ചായിരുന്നു അഞ്ജലിയുടെ സുവര്‍ണ നേട്ടം. നാലാം ക്ലാസ് മുതല്‍ കായിക മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ മിടുക്കി.
എറണാകുളം മേൽക്കോയ്മ
കൊച്ചി: മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിച്ച സിബിഎസ്ഇ സ്കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ ആതിഥേയരായ എറണാകുളം ജില്ലയ്ക്ക് ആധിപത്യം. 1209 പോയന്റുമായാണ് എറണാകുളം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരേക്കാൾ 964 പോയന്റ് എറണാകുളം ജില്ലയ്ക്കു കൂടുതലുണ്ട്. പോയന്റ് പട്ടികയില്‍ 10 സ്ഥാനങ്ങളില്‍ ഏഴിലും ജില്ലയിലെ സ്കൂളുകളാണ്.
കാറ്റഗറി പട്ടികയില്‍ അണ്ടര്‍ 14 ബോയ്സ് വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗത്തിലും ഒന്നാമതുള്ളതും ജില്ലയിലെ സ്കൂളുകളാണ്.
ഐശ്വര്യക്ക് ഇത് രണ്ടാം സ്വര്‍ണം
കൊച്ചി: സിബിഎസ്ഇ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഹൈജംപില്‍ സ്വര്‍ണം നേടി എരൂര്‍ ഭവന്‍സിലെ ഐശ്വര്യ സൂരജ് നായര്‍. 1.46 മീറ്റര്‍ ചാടിയാണ് ഐശ്വര്യ നേട്ടം കൊയ്തത്. കഴിഞ്ഞ വര്‍ഷം കരിയര്‍ ബെസ്റ്റായ 1.50 ചാടി വാരണാസിയില്‍ നടന്ന നാഷണല്‍സില്‍ പങ്കെടുത്ത ഐശ്വര്യ അവിടെ വെള്ളിമെഡല്‍ ജേത്രിയുമാണ്.