കോടതി ഇടപെട്ടു : എടവനക്കാട്ട് കടൽഭിത്തി നിർമാണം ആരംഭിക്കാൻ കളക്ടറുടെ നിർദേശം
1585286
Thursday, August 21, 2025 4:54 AM IST
വൈപ്പിൻ: എടവനക്കാട് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥരെയും ജനകീയ സമരസമിതി പ്രതിനിധികളെയും വിളിച്ചുകൂട്ടി നടത്തിയ യോഗത്തിലാണ് ജിഡ അനുവദിച്ച തുകയും ദുരന്തനിവാരണ അഥോറിറ്റി പ്രഖ്യാപിച്ച തുകയും അടിയന്തരമായി ലഭ്യമാക്കി കടൽഭിത്തി നിർമാണം ആരംഭിക്കാൻ കളക്ടർ നിർദേശം നൽകിയത്.
സുനാമിക്കു ശേഷം കടൽഭിത്തി പുനർനിർമിക്കാത്ത എടവനക്കാട് തീരത്ത് ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നിരന്തരം സമരത്തിലായിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് എംഎൽഎ മുഖേന ജിഡയിൽനിന്ന് 35 കോടി രൂപ അനുവദിച്ചു.
ബാക്കി 21 കോടി ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നും നൽകാമെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് നാലു മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതെ വന്നതോടെ ജനകീയ സമരസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് ജില്ലാ കളക്ടർ ഇടപെട്ടത്.