കട്ടവനെ കിട്ടിയില്ല, കണ്ടവനെ പൊക്കി
1585696
Friday, August 22, 2025 5:13 AM IST
ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവ് മർദനത്തെത്തുടർന്ന് ആശുപത്രിയിൽ
മൂവാറ്റുപുഴ: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിനെ മൂവാറ്റുപുഴ ജനമൈത്രി പോലീസ് മാതാവിന്റെയും ഭാര്യയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി.
പെരുമ്പല്ലൂര്‍ മടത്തിക്കുടിയില്‍ ആന്റണിയുടെ മകന് അമല്‍ ആന്റണി (35) ആണ് പോലീസിന്റെ മര്‍ദനത്തിന് ഇരയായത്. ഇലക്ട്രിക് വയറിംഗ് തൊഴിലാളിയായ അമല്‍ കഴിഞ്ഞ 12ന് സമീപത്തെ പണിസ്ഥലത്തുനിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമലിനോട് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു.
ആക്രിക്കടയില്‍ ബാറ്ററി വിറ്റിരുന്നോവെന്ന് ചോദിച്ചു. തന്റെ വീട്ടിലെ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഇന്വെര്ട്ടിന്റെ ബാറ്ററി തകറാറിലായതിനെ തുടര്‍ന്ന് ആക്രിക്കടയില്‍ വിറ്റിരുന്നതായി മറുപടി നല്കി. ഉടന്‍ പോലീസ് ഉദ്യോഗസ്ഥന് അമലിനെ വലിച്ചിറക്കി വീട്ടുമുറ്റത്തിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നീട് ബലമായി ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയും മര്‍ദനം തുടര്‍ന്നതായി അമല്‍ പറഞ്ഞു.
മൂവാറ്റുപുഴ പി ഒ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തില്‍നിന്നും ബാറ്ററി മോഷണം പോയി എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. സ്റ്റേഷനില്‍ പരാതിക്കാർ എത്തി ബാറ്ററിയുടെ ബില്ല് നല്‍കിയപ്പോഴാണ് പോലീസിന് അമളി മനസിലായത്. മോഷണം പോയത് മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള ബാറ്ററിയും പോലീസ് പിടിച്ചെടുത്തത് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ബാറ്ററിയുമായിരുന്നു.
ഇതോടെ പോലീസ് നിരപരാധിയാണെന്നു കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കുകയായിരുന്നു. പിന്നീട് ശരീരവേദനയും ക്ഷീണവും മാറാതെ വന്നതോടെ അമല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടറുടെ നിര്‍ദേശനുസരണം എംആര്‍ഐ സ്കാന്‍ എടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും, പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും അമല്‍ പരാതി നല്‍കിയിട്ടുണ്ട്.