"കാർഷിക ഉത്പന്നങ്ങൾക്ക് തറവില നിശ്ചയിക്കണം'
1585117
Wednesday, August 20, 2025 4:56 AM IST
കോതമംഗലം: കാർഷിക വിളകൾക്ക് മിനിമം തറവില നിശ്ചയിച്ച് ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്. കേരള കർഷക യൂണിയൻ കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ മാതൃകാ കർഷകരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹേം.
കാർഷിക ഉത്പന്നങ്ങൾക്ക് വില ഉയർന്നാലും ഉത്പാദകരായ കൃഷിക്കാർക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഒരു കരിക്ക് 55 രൂപയ്ക്ക് വഴിയരികിൽ വിൽക്കുമ്പോൾ അത് ഉത്പാദിപ്പിക്കുന്ന കർഷകന് 15 രൂപയാണ് ലഭിക്കുക. അത്തരത്തിൽ എല്ലാ വിളകൾക്കും ഇടതട്ടുകാരുടെ ചൂഷണം നേരിടേണ്ടിവരുന്നുണ്ട്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. കോതമംഗലം നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള മാതൃക കർഷകരെ ചടങ്ങിൽ ആദരിച്ചു.
കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വെട്ടിക്കുഴ അധ്യക്ഷത വഹിച്ചു. കർഷക ദിനാഘോഷം മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് കർഷകരെ ആദരിച്ചു. ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.
കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, നിയോജകമണ്ഡലം പ്രസിഡൻറ് എ.ടി. പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, റാണികുട്ടി ജോർജ്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആന്റണി ഓലിയപുറം, ജോണി പുളിന്തടം, സോജൻ പിട്ടാപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു