കളക്ടറേറ്റിൽ ബോംബ് ഭീഷണി : ഭീഷണിയെത്തിയത് മദ്രാസ് ടൈഗേഴ്സിന്റെ ഇ-മെയിലിൽ നിന്ന്
1585661
Friday, August 22, 2025 4:21 AM IST
ഇ-സിഗരറ്റ് മാതൃകയിലുള്ള ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി
കാക്കനാട്: എറണാകുളം കളക്ടറേറ്റിൽ ബോംബ് ഭീഷണി. കളക്ടറേറ്റ് സമുച്ചയത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഇ- മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമായിരുന്നു മദ്രാസ് ടൈഗേഴ്സിന്റെ ഇ-മെയില്‍ സന്ദേശം. ഓഫീസ് മേധാവി രാവിലെ എട്ടരയോടെ വീട്ടില്‍ വച്ച് ഔദ്യോഗിക മൊബൈല്‍ ഫോണില്‍ ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ് സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പത്തരയോടെ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്.
തമിഴ്നാട് ഡിഎംകെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലാണ് ഇ-മെയില്‍ അയച്ചിരുന്നത്. രാജഗിരി മദ്രാസ് ടൈഗേഴ്സ് എന്ന പേരിലായിരുന്നു വനിത ശിശു ക്ഷേമ ഓഫീസര്‍ക്ക് മെയില്‍ സന്ദേശം ലഭിച്ചത്.
ഇ-സിഗരറ്റ് രൂപത്തിലുള്ള ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കാക്കനാട് കേന്ദ്രീയ ഭവനിലും ഹൈക്കോടതിക്കു നേരെയും മദ്രാസ് ടൈഗേഴ്സിന്റെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിലെ പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം ഡെപ്യൂട്ടി കണ്‍ട്രോളറുടെ ഓഫീസ് ഇ-മെയിലിലേക്ക് ആണ് അന്ന് സന്ദേശം അയച്ചത്. തമിഴ്നാട്ടിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ലഹരിക്കേസ് പിന്‍വലിക്കണമെന്നായിരുന്നു അന്നത്തെ ഭീഷണി സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്.