റോഡുകള്‍ 26നകം നന്നാക്കിയില്ലെങ്കിൽ എന്‍ജിനീയര്‍മാരെ നേരിട്ട് വിളിച്ചുവരുത്തും: കോടതി
1585685
Friday, August 22, 2025 5:04 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കര്‍ശന മുന്നറിയിപ്പ്. ഈ മാസം 26ന് ശേഷം നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ശേഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട എന്‍ജിനിയര്‍മാരെ നേരിട്ട് വിളിച്ചുവരുത്തും.
തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിലടക്കം കൃത്യമായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. പിതാവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ തെറിച്ചുവീണ ബാലിക പാലക്കാട് ബസ് കയറി മരിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതി തേടി.
മഴ ശമിച്ചതോടെ എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി ഊര്‍ജിതമാണെന്ന് പൊതുമരാമത്ത് വകുപ്പും കോര്‍പറേഷനും അറിയിച്ചു. കലൂര്‍ കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാറായെന്ന് ജിസിഡിഎയും അറിയിച്ചു. എന്നാല്‍, അവകാശപ്പെടുന്ന തരത്തിലുള്ള പുരോഗതി റോഡ് അറ്റകുറ്റപ്പണിയില്‍ ഉണ്ടായിട്ടുള്ളതായി കാണുന്നില്ലെന്നായിരുന്നു അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്.