പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം സംസ്കരിച്ചു
1585265
Thursday, August 21, 2025 4:11 AM IST
കോതമംഗലം: പൂയംകുട്ടിപുഴയില്‍ മരത്തില്‍ തങ്ങിനില്ക്കുന്ന നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം സംസ്കാരിച്ചു. 15 വയസ് പ്രായമുള്ള കൊമ്പനാനയുടെ ജഡത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് വനം റേയ്ഞ്ച് അധികൃതര്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കിടെ ആറ് ആനകളുടെ ജഡം പുഴയില്‍ ഒഴുകിയതിൽ രണ്ട് കൊമ്പനും നാല് പിടിയാനയും ആയിരുന്നു. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളിലെ ആനത്താര കുറുകെ കടക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ട് താഴേക്ക് പതിച്ച് ജീവന് നഷ്ടപ്പെട്ടതാവാനാണ് സാധ്യതയെന്നാണ് വന പാലകരുടെ നിഗമനം. കൂടുതല്‍ ആനകള്‍ ചരിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നു. പുഴയില്‍ ഒഴുക്കുള്ളത് കൊണ്ട് പൂര്‍ണമായും തെരച്ചില്‍ നടത്താനായിട്ടില്ല.
പൂയംകുട്ടി, ആനക്കുളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചര്‍മാരും അടങ്ങുന്ന സംഘമാണ് പീണ്ടിമേട് വെള്ളച്ചാട്ടതിന് താഴേ മുതല്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക്, കോടനാട് അഭയാരണ്ടം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍ ഡോ. ബിനോയ് സി. ബാബു, കുട്ടംപുഴ റേഞ്ച് ഓഫീസര്‍ വി.പി. മുരളീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് ജഡം സംസ്കരിച്ചത്.