വീട്ടമ്മയുടെ ആത്മഹത്യ : അന്വേഷണത്തിന് പ്രത്യേക സംഘം
1585281
Thursday, August 21, 2025 4:54 AM IST
ദുരൂഹത ബാക്കി
കൊച്ചി/ പറവൂര്‍: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. ഇവരുടെ പണമിപാട് സംബന്ധിച്ച് വീട്ടുകാര്‍ക്കടക്കം അറിവില്ലായിരുന്നു എന്നതാണ് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നത്. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
അസ്വഭാവിക മരണത്തിന് പറവൂര്‍ പോലീസ് കേസെടുത്തിരുന്നു. മരിച്ച ആശ ബെന്നിയും ആരോപണ വിധേയരായവരും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച് ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് റൂറല്‍ എസ്പി എം. ഹേമലത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ അന്വേഷണ സംഘത്തില്‍ വരാപ്പുഴ, പറവൂര്‍, മുനമ്പം എസ്എച്ച്ഒമാരും സൈബര്‍ ഉദ്യോഗസ്ഥരും ഉണ്ട്. ഇവരുടെ ബാങ്ക് രേഖകളും, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പോലീസ് വിശദമായി പരിശോധിക്കും.
പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ ആശയുടെ മൃതദേഹം കോട്ടുവളളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.
സ്ത്രീകള്‍ തമ്മില്‍ നടന്ന പണമിടപാടാണ് ആശയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആശ നടത്തിയ പണമിടപ്പാടുകളെക്കുറിച്ച് മരണത്തിന് മുമ്പ് ആശ കൈ ഞരമ്പ് മുറിക്കുന്നതുവരെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പണം ആവശ്യപ്പെട്ടുള്ള നിരന്തരം ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ എസ്പി ഓഫിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി പോലീസ് ചര്‍ച്ച നടത്തി ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇതു വകവയ്ക്കാതെ തിങ്കളാഴ്ച രാത്രിയോടെ പ്രദീപും കൂട്ടരും ആശയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.
ബിന്ദുവിന്റെ പക്കല്‍നിന്ന് 10 ലക്ഷം വാങ്ങിയിരുന്നുവെന്നും ഇത് പല പ്രാവശ്യമായി കൊടുത്ത് തീര്‍ത്തിരുന്നതായും ആശ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 22 ലക്ഷം രൂപ കിട്ടാനുണ്ടെന്നായിരുന്നു പ്രദീപും ബിന്ദുവും അവകാശപ്പെട്ടിരുന്നത്.
പ്രദീപും ബിന്ദുവും ഒളിവില്‍
ആശയുടെ ആത്മഹത്യാ കുറുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റിട്ട. പോലീസ് ഉദ്യോഗസ്ഥന് കോട്ടുവള്ളി കടത്തുകടവ് സ്വദേശി പ്രദീപ്, ഇയാളുടെ ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഇവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കൈക്കൂലി,സസ്പെന്ഷന്; പ്രദീപ് സര്‍വീസില്‍ നടപടി നേരിട്ടയാള്‍
കേസില്‍ ആരോപണ വിധേയനായ പ്രദീപ് സര്‍വീസിലിരിക്കെ കൈക്കൂലി കേസില്‍ അടക്കം സസ്പെന്ഷന് നേരിട്ടയാളാണ്. വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ അന്ന് ശ്രീജിത്തിന്റെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് പ്രദീപ്.
2018 ഏപില്‍ ഒമ്പതിനായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്നത്തെ റൂറല്‍ എസ്പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് എന്ന സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്.
അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായതോടെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ തിരക്കിയപ്പോഴാണ് അന്നത്തെ സിഐയുടെ ഡ്രൈവറായ പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപയാണ് പ്രദീപ് ചോദിച്ചത്. എന്നാല്‍ 15,000 രൂപ നല്‍കിയെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പോലീസിനു നല്കിയ മൊഴി.
ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ അഭിഭാഷകര്‍ വഴി പ്രദീപ് ബന്ധുക്കള്‍ക്ക് പണം തിരിച്ചു നല്കി. സംഭവം പുറത്തുവരികയും അന്വേഷണത്തിനൊടുവില്‍ പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ആശയുടെ കുറിപ്പ്, മരിക്കാന്‍ എനിക്ക് പേടിയാണ്
‘മരിക്കാന്‍ എനിക്ക് പേടിയാണ്, ഞാന്‍ എന്തു ചെയ്യും ദൈവമേ... അവരുടെ പ്രഷര്‍ കൊണ്ട് ഞാന്‍ 11–ാം തീയതി കൈഞരമ്പ് മുറിച്ചു. ഇനിയും ഞാൻ മൂന്നു പേപ്പറില്‍ ഒപ്പിടണം. അല്ലെങ്കില്‍ എന്റെ ഭര്‍ത്താവിനെയും മക്കളെയും കുടുക്കും എന്ന് പറഞ്ഞ് ഇന്നലെയും ഭീഷണിപ്പെടുത്തി. ഞാന്‍ മരിച്ചാല്‍ ഉത്തരവാദി ബിന്ദു പ്രദീപും കുടുംബവുമാണ്.
ആശയുടെ കുറിപ്പില്‍ പറയുന്നു. ഞാന്‍ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു. ഭര്‍ത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്‍ണം പണയം വച്ച പൈസയും മറ്റുള്ളവരില്‍ നിന്ന്സ്വര്‍ണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നല്കി. ഇനി 22 ലക്ഷം രൂപ കൂടി നല്‍കണമെന്നും അതിന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടു എന്നും കുറിപ്പിലുണ്ട്.
പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന് കുടുംബം
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ആശ ബെന്നിയുടെ കുടുംബം ആരോപിച്ചു. ആശ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇത് പറവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും പറവൂരില്‍ പോലീസ് ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്.
പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ ഉടനെ പ്രദീപ് വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍വച്ച് പ്രദീപ് ആശയോട് പ്രകോപനപരമായി ഇടപെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.