മൂവാറ്റുപുഴ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: പുനര്‍നിര്‍മാണത്തിന് മൂന്നു മാസം സമയം അംഗീകരിക്കാനാവില്ല: ഹൈക്കോടതി
1585678
Friday, August 22, 2025 4:34 AM IST
മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്നു മാസം സമയം ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി.
ഒരു വര്‍ഷം കൊണ്ട് തീരേണ്ട ഒരു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള നഗരത്തിലെ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ നിര്‍മാണം സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്നുള്പ്പെടെ പല ആവശ്യങ്ങളും ഉന്നയിച്ച് മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ഒ.വി. അനീഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇനിയും മൂന്നു മാസം സമയം വേണമെന്നായിരുന്നു കെആര്‍എഫ്ബിയുടെ നിലപാട്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത ഹര്‍ജിക്കാര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്ന് കോടതിയെ ബോധിപ്പിച്ചു.
ഇനിയും മൂന്നു മാസം എന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തത് മൂലം ജനങ്ങള്‍ തീരാദുരിതത്തിലാണെന്നും ഓണത്തിന് മുമ്പ് നഗരത്തിലെ റോഡുകള്‍ അടിയന്തരമായി റീടാര്‍ ചെയ്യണമെന്നും ആവശ്യമുന്നയിച്ചു.
എന്നാല്‍ മണ്‍സൂണ്‍ ആയതിനാല്‍ ഇനിയും മൂന്നു മാസം സമയം വേണമെന്നാണ് കെആര്‍എഫ്ബിയുടെ നിലപാട്. കേരളത്തില്‍ ജൂണ്‍ മാസം മണ്‍സൂണ്‍ ഉണ്ടാകുന്നത് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചീഫ് ജസ്റ്റീസിന്റെ ചോദ്യത്തിന് പക്ഷേ കെആര്ഫ്ബിക്ക് ഉത്തരമില്ലായിരുന്നു.
മണ്‍സൂണിന് മുന്‍പ് നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യത്തിന് സമയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഏകോപനം ഇല്ലായ്മ മൂലമാണ് ജോലികള്‍ നീണ്ടുപോയതെന്നും അതിനു പദ്ധതിയുടെ ചുമതലക്കാരായ കെആര്‍എഫ്ബി മാത്രമാണ് ഉത്തരവാദികളെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
മൂന്നു മാസം ഒരു സാഹചര്യത്തിലും അനുവദിക്കാന്‍ പറ്റില്ലെന്നും ഇനി തുടര്‍ന്നുള്ള ജോലികള്‍ എപ്രകാരം ചെയ്യുമെന്നുള്ളതിനെ കുറിച്ച് വിശദമായ ഒരു വര്‍ക്ക് ഷീറ്റ് തന്നെ ഹാജരാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
അതില്‍ ഓരോ ദിവസവും ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലികളെപ്പറ്റി വിശദമായി പ്രതിപാദിക്കണമെന്നും ഈ വിവരങ്ങള്‍ കാണിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കേസ് തുടര്‍ നടപടികള്‍ക്കായി 26 ലേക്ക് മാറ്റി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകനായ എല്‍. റാം മോഹന്‍ ഹാജരായി.