കച്ചേരിത്താഴത്തെ ഗര്‍ത്തത്തിനു ശാശ്വത പരിഹാരമാകുന്നു
1585680
Friday, August 22, 2025 4:34 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് റോഡിൽ രൂപം കൊണ്ട ഗര്‍ത്തത്തിനു ശാശ്വത പരിഹാരമാകുന്നു. കിഫ്ബിയുടെ ഉന്നതതല സംഘം നടത്തിയ സ്ഥലപരിശോധനയ്ക്കും, മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനും ശേഷമാണ് നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപമായത്.
കച്ചേരിത്താഴത്ത് ഇന്ത്യന്‍ ബേക്കറിയുടെ മുന്‍വശത്തുള്ള ഡ്രെയിനേജിന്റെ ജലധാര നഗരസഭയുടെ സ്ഥലത്തിലൂടെ പുഴയിലേക്ക് തിരിച്ചുവിടാനാണ് തീരുമാനം. മറുഭാഗത്ത് രാജേശ്വരി ഹോട്ടലിന്റെ മുന്‍വശത്തു വരെ എത്തിയിരിക്കുന്ന പുതിയ റോഡിലെ ഡ്രെയിനേജ്, കെഎസ്ഇബി, ജല അഥോറിറ്റി ഡിപ്പാര്‍ട്ട്മെന്റുകളുടെ നിലവിലെ പോസ്റ്റും, വാട്ടര്‍ കണക്ഷന്റെ പൈപ്പുകളും മാറ്റിയശേഷം പൈപ്പുകള്‍ ഉപയോഗിച്ച് ഡ്രെയിനേജ് നിര്‍മിച്ച് പുഴയിലേക്ക് ഒഴുക്കും. ബലക്ഷയം സംഭവിച്ച പഴയ കല്‍ക്കെട്ട് ഡ്രെയിനേജ് പൂര്‍ണ്ണമായും അടച്ചുപൂട്ടാനും ധാരണയായി.
എന്നാല്‍ നിലവില്‍ ഒഴുകുന്ന രണ്ട് ഡ്രെയിനേജുകളുടെ ആഴവും വിസ്തൃതിയും കൃത്യമായി കണ്ടെത്തണമെന്നും കൂടാതെ ഈ ഡ്രെയിനേജുകള്‍ക്ക് പുറമേ മറ്റേതെങ്കിലും ഡ്രെയിനേജ് ഉണ്ടോ എന്ന പരിശോധനയ്ക്കും ശേഷമേ ഏതുവിധത്തിലാണ് അടക്കേണ്ടതെന്നുള്ള തീരുമാനം കിഫ്ബി നിര്‍ദേശിക്കുകയുള്ളൂ.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആൻഡ് സ്റ്റഡീസിന്റെ വിദഗ്ധ സംഘം ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് നടത്തിയ സ്കാനിംഗ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും മാര്‍ഗരേഖയ്ക്ക് കിഫ്ബി അന്തിമ അനുമതി നല്‍കുക. നഗരസഭയുടെ സ്ഥലത്തുകൂടിയുള്ള ഡ്രെയിനേജ് നിര്‍മാണത്തിന് അനുമതി ചോദിച്ച് നഗരസഭയ്ക്ക് അടിയന്തരമായി കത്ത് നല്കാന് എംഎല്‍എ കെആര്എഫ്ബിയോട് നിര്‍ദേശിച്ചു. പൊതുതാല്പര്യം മുന്‍നിര്‍ത്തി കെആര്‍എഫ്ബിയുടെ അഭ്യര്‍ത്ഥന ലഭിക്കുന്ന മുറയ്ക്ക് നഗരസഭ ഇതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസും പറഞ്ഞു.
ഇന്നലെ വൈകുന്നേരം ചേര്‍ന്ന അടിയന്തരയോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, കിഫ്ബി പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ എക്സാമിന് അരുണ്‍ തോമസ്, ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വികെഎസ്ഐ, കെഎച്ച്എഐ ജോയിന്റ് ഡയറക്ടര്‍ ഷെമി എസ്. ബാബു, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ്,
ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിഷ ഐസക്, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പോള്‍ തോമസ്, ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാനു പോള്‍, കെആര്‍എഫ്ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സീന, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.