പിഴ തുക തട്ടിപ്പ്: സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യണമെന്ന്
1585118
Wednesday, August 20, 2025 4:56 AM IST
മൂവാറ്റുപുഴ: പിഴ തുക തട്ടിപ്പ് കേസില്‍ സസ്പെന്‍ഷനിലായ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. ഇടതുപക്ഷ അനുകൂല സംഘടന നേതാവായ ഉദ്യോഗസ്ഥയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ആരോപിച്ചു.
ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാല്‍ തെളിവുകള്‍ ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ മേല്‍ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്.
മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന 2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പിഴ തുക മുഴുവന്‍ ബാങ്കില്‍ അടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്നാണ് കേസ്. മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇവരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണോ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.