വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്: സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു : വരും ദിവസങ്ങളില്‍ ഊര്‍ജിത പരിശോധന
1585284
Thursday, August 21, 2025 4:54 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കല്‍, അളവ് തൂക്ക ഉപകരണങ്ങളിലെ തട്ടിപ്പ് എന്നിവ തടയുന്നതിനായി ആറു വകുപ്പുകളെ ഉള്‍പ്പെടുത്തി സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു.
പൊതുവിപണിയില്‍ അവശ്യസാധങ്ങളുടെ ലഭ്യത ഉറപ്പുവരുന്നുന്നതിനും വിലക്കയറ്റം ഒഴിവാക്കാനുമുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സ്ക്വാഡ് രൂപീകരിച്ചത്.
റവന്യൂ, പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുള്ളത്. ഉത്സവകാലത്തെ വിലക്കയറ്റം സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുകയെന്നതിനാൽ സ്ക്വാഡിന്റെ പരിശോധന വരും ദിവസങ്ങളില്‍ ഉര്‍ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇത്തവണത്തെ ഓണത്തിന് സംസ്ഥാനത്ത് നിലവിലുള്ള ഹരിതചട്ടങ്ങള്‍ പാലിക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ. ബിന്ദു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.