കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു : ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക്
1585669
Friday, August 22, 2025 4:21 AM IST
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ അഞ്ചരയോടെ അരൂരിൽനിന്നു തുറവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനങ്ങൾ പള്ളിക്കു സമീപം എസ്എൻഡിപി കെട്ടിടത്തിന്റെ മുന്നിലാണ് കൂട്ടിയിടിച്ചത്.
തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പാചകവാതക സിലിണ്ടറുകൾ കയറ്റി പോകുകയായിരുന്ന ലോറിയും വഴിയിലായി. ഏറെ നേരം വാഹനം നിർത്തിയിട്ടതോടെ എയർബ്രേക്ക് സംവിധാനം തകരാറിലാകുകയായിരുന്നു. വഴിമുടക്കി ദേശീയപാതയുടെ നടുവിൽക്കിടന്ന ലോറി ഒരു മണിക്കൂറുകൾക്കു ശേഷമാണ് റോഡരികിലേക്ക് തള്ളിമാറ്റിയത്.
യന്ത്രത്തകരാർ പരിഹരിക്കാൻ പ്രദേശത്തുള്ള വർക്ക്ഷോപ്പിൽ നിന്ന് ആളുവന്നെങ്കിലും കമ്പനിയുടെ മെക്കാനിക് തന്നെ വരണമെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. പിന്നീട് കമ്പനി മെക്കാനിക് എത്തിയാണ് ലോറി കൊണ്ടുപോയത്.