ഡിവൈഎഫ്ഐ മാർച്ച് അക്രമാസക്തമായി; പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആക്രമിച്ചതിന് കേസെടുത്തു
1585693
Friday, August 22, 2025 5:13 AM IST
പറവൂർ: പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൂവൻ കോഴിയും, രാഹുൽ മാങ്കൂട്ടത്തിന്റെ കോലവുമായി നടത്തിയ മാർച്ച് ഓഫീസിന്റെ 200 മീറ്റർ അകലെ ബാരിക്കേഡുവച്ച് പോലീസ് തടഞ്ഞെങ്കിലും സമരക്കാർ ബാരിക്കേഡ് മറികടന്നു ഓഫീസിനു മുന്നിലെത്തി.
ഓഫീസിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് അടച്ചതിനെ തുടർന്ന് പ്രവർത്തകർക്ക് ഓഫീസ് അങ്കണത്തിൽ പ്രവേശിക്കാനായില്ല. എന്നാൽ സമരക്കാർ അകത്തേക്ക് തള്ളികയറാൻ ശ്രമിച്ചതും, അകത്തുള്ള പ്രവർത്തകർ പ്രതിരോധിച്ചതും സംഘർഷത്തിനിടയാക്കി. ചെറിയ തോതിൽ കല്ലേറുമുണ്ടായി. തുടർന്ന് പോലീസും, നേതാക്കളും ചേർന്ന് രംഗം ശാന്തമാക്കി പ്രവർത്തകരെ ഓഫീസിനു സമീപത്തുനിന്ന് നീക്കി.
തുടർന്നു നടന്ന പ്രതിഷേധയോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് സെക്രട്ടറി എം. രാഹുൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എൽ. ആദർശ്, സിപിഎം പറവൂർ ഏരിയ സെക്രട്ടറി ടി.വി. നിധിൻ, മഹിളാ അസോ. സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി എം.ആർ. റീന, പ്രസിഡന്റ് എം.എ. രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.
സംഭവത്തിൽ പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവിന്റെ വസതിക്കു നേരേയുണ്ടായ അക്രമണത്തിനും, ഓഫീസിലുണ്ടായിരുന്നവരെ അകമിച്ചതിനുമാണ് കേസ്. കെഎസ്യു താലൂക്ക് പ്രസിഡന്റ് ആന്റണി,യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജ്മൽ ഖാൻ എന്നിവർക്ക് പരിക്കേറ്റതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന് അറിയിച്ചു.