തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ കുറവ്; രോഗികൾക്കു മണിക്കൂറുകളുടെ കാത്തിരിപ്പ്...
1585269
Thursday, August 21, 2025 4:38 AM IST
തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അഭാവത്തെ തുടർന്ന് കഴിഞ്ഞദിവസം രോഗികൾക്ക് ക്യൂ നിൽക്കേണ്ടി വന്നത് മണിക്കൂറുകൾ. കുട്ടികളും പ്രായമായവരുമായ രോഗികൾക്ക് രണ്ടു മണിക്കൂർ കാഷ്വാലിറ്റിക്കു മുന്നിൽ കാത്തുനിന്ന ശേഷമാണ് ഡോക്ടറെ കാണാനായത്. ഉച്ചയ്ക്ക് ഒന്നിന് ഒപി അടയ്ക്കുന്നതോടെ രോഗികളുടെ ഏക ആശ്രയം കാഷ്വാലിറ്റിയാണ്.
പുറത്ത് നൂറുകണക്കിന് രോഗികൾ കാത്തു നിൽക്കുന്പോഴും ചികിത്സിക്കാനുള്ളത് ഒരു ഡോക്ടർ മാത്രം. മിക്ക ദിവസങ്ങളിലും ഇതു തന്നെയാണ് അവസ്ഥയെന്നും അവിടെയുണ്ടായിരുന്നവർ പറഞ്ഞു. മണിക്കൂറുകൾ കാത്തുനിന്നിട്ടും ചികിത്സ ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നവരുമുണ്ട്. ഫാർമസിയിൽനിന്ന് മരുന്ന് ഇല്ലെന്ന് പറഞ്ഞ് പല മരുന്നിനും പുറത്തെ മെഡിക്കൽ ഷോപ്പുകളിലേക്ക് പറഞ്ഞയക്കുന്നത് പതിവാണെന്നും ആക്ഷേപമുണ്ട്.
അറ്റൻഡർമാർ ഇല്ലാതിരുന്നതിനാൽ കഴിഞ്ഞദിവസം ഓട്ടോറിക്ഷയിൽ കൊണ്ടുവരുന്നതിനിടെ അബോധാവസ്ഥയിലായ വീട്ടമ്മയെ അവിടെ ക്യൂവിൽ നിന്ന രോഗികളാണ് സ്ട്രെച്ചറിൽ കിടത്തി കാഷ്വാലിറ്റിയിൽ എത്തിച്ചത്. മിക്ക ദിവസങ്ങളിലും പല വകുപ്പുകളിലെയും ഡോക്ടർമാർ ഇല്ലാത്തതിനാൽ രാവിലെ ഏഴിനെത്തി ഒന്പതു വരെ കാത്തു നിന്ന ശേഷം തിരിച്ചു പോകേണ്ട അവസ്ഥയും രോഗികൾക്കുണ്ട്.