കോളജ് യൂണിയന് തെരഞ്ഞെടുപ്പ് : ജില്ലയില്‍ എസ്എഫ്ഐയ്ക്ക് മുൻതൂക്കം
1585697
Friday, August 22, 2025 5:13 AM IST
തേവര എസ്എച്ചും ആലുവ യുസിയും മൂവാറ്റുപുഴ നിർമലയും നിലനിര്‍ത്തി കെഎസ്യു
കൊച്ചി: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐയ്ക്ക് മുൻതൂക്കം. തെരഞ്ഞെടുപ്പ് നടന്ന 41 കോളജുകളില്‍ 31 ഇടത്ത് എസ്എഫ്ഐ വിജയിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. അതേസമയം 14 ഇടങ്ങളില്‍ യൂണിയന് നേടിയതായി കെഎസ്യുവും അവകാശപ്പെട്ടു.
12 കോളജുകളില്‍ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ എസ്എഫ്ഐ യൂണിയന് നേടിയതായി കഴിഞ്ഞ ദിവസം ഭാരവാഹികള്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന 29 കോളജുകളില്‍ 22 ഇടത്ത് വിജയിച്ചു.
മഹാരാജാസ് കോളജ്, ഗവ.ലോ കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ്, കൊച്ചിന് കോളജ്, ഐരാപുരം എസ്എസ്വി കോളജ് തുടങ്ങിയ കോളജുകളില്‍ എസ്എഫ്ഐ വിജയിച്ചു. ആറ് കാമ്പസുകളിൽ കെഎസ്യുവില്നിന്നും ഒരിടത്ത് എംഎസ്എഫില്‍ നിന്നും യൂണിയന് തിരിച്ചുപിടിച്ചതായും എസ്എഫ്ഐ സെക്രട്ടറി ടി.ആര്. അര്ജുന് പറഞ്ഞു.
കൊച്ചിന് കോളജ്, ഇടക്കൊച്ചി സിയന്ന കോളജ്, മണിമലക്കുന്ന് ഗവ.കോളജ്, തൃക്കാക്കര ഭാരത് മാതാ കോളജ്, കുന്നുകര എംഇഎസ് കോളജ്, പിറവം ബിപിസി കോളജ് എന്നീ കാമ്പസുകള്‍ കെഎസ്യുവില്നിന്നും മൂവാറ്റുപുഴ ഇലാഹിയ കോളജ് എംഎസ്എഫില്‍നിന്നും തിരിച്ചുപിടിച്ചതായാണ് എസ്എഫ്ഐ അവകാശപ്പെട്ടത്
അതേസമയം കെഎസ്യുവിന് മികച്ച മുന്നേറ്റം നടത്താനായതായി ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍ പറഞ്ഞു. കാലടി ശ്രീ ശങ്കരാ കോളജ്, തേവര എസ്എച്ച് കോളജ്, ആലുവ യുസി കോളജ്, മൂവാറ്റുപുഴ നിര്‍മല കോളജ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ്, ചൂണ്ടി ഭാരത് മാതാ ലോ കോളജ്, ചൂണ്ടി ഭാരത് മാതാ ആര്‍ട്സ് കോളജ്,
എടത്തല അല്അമീന് കോളജ്, അങ്കമാലി സെന്റ് ആന്‍സ് കോളജ് എന്നിവ നിലനിര്‍ത്തുകയും പെരുമ്പാവൂര്‍ ജയഭാരത് കോളജ്, മാറമ്പിള്ളി എംഇഎസ് കോളജ്, കുമ്പളം കെഎംഎം കോളജ്, എടത്തല എംഇഎസ് കോളജ് എന്നിവ എസ്എഫ്ഐയില്‍ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തതായി കൃഷ്ണലാല്‍ പറഞ്ഞു.
എടത്തല കെഎംഇഎ കോളജ് എംഎസ്എഫിന്റെ കൈയില്‍ നിന്ന് തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവിധ കോളജുകളില്‍ വിജയാഘോഷവും പ്രകടനവും നടത്തി.