നങ്ങേലിപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
1585687
Friday, August 22, 2025 5:04 AM IST
കോതമംഗലം: പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ നങ്ങേലിപ്പടി റാഡോ കമ്പനിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നെല്ലിക്കുഴി സ്വദേശിക്ക് ദാരുണാന്ത്യം. നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (കുഞ്ഞുമുഹമ്മദ്-48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം.
നെല്ലിക്കുഴിയില്‍ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് കോതമംഗലത്ത് പോയി മടങ്ങവേ പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ തെറ്റായ ദിശയിൽ വന്ന് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റാഡോ കമ്പനിയുടെ മതിലില്‍ ഇടിച്ച് വട്ടംതിരിഞ്ഞ് കാറിന്റെ പിന്‍ഭാഗം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാഡോ കമ്പനിയുടെ മതിലും തകര്‍ന്നിട്ടുണ്ട്.
മതിലിനും കാറിന്റെ പിന്‍ഭാഗത്തെ ടയറിനും ഇടയില്‍ കുരുങ്ങികിടക്കുന്ന നിലയിലായിരുന്നു സ്കൂട്ടര്‍ കിടന്നത്.
ഗുരുതര പരിക്കേറ്റ മുഹമ്മദിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റംല പാനിപ്ര കോനേത്താന്. മക്കള്‍: അല്‍ത്താഫ്, അല്‍ന ഫാത്തിമ. കബറടക്കം ഇന്ന് 1.30 ന് നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.