ഫിഷറീസ് ഹാര്‍ബര്‍ സമരം പിന്‍വലിച്ചു
1585692
Friday, August 22, 2025 5:13 AM IST
മട്ടാഞ്ചേരി: കഴിഞ്ഞ ഒരാഴ്ചയിലേറെയായി കൊച്ചി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയ സിഐടിയു തൊഴിലാളികളുടെയും ബോട്ടുടമകളുടെയും സമരം പിന്‍വലിച്ചു. ഹാര്‍ബര്‍ വ്യവസായ സമിതി ചെയര്മാന് എ.എം നൗഷാദിന്റെ നേതൃത്വത്തില്‍ ബോട്ടുടമകളും സിപിഎല്‍യു സിഐടിയു നേതാക്കളും പേഴ്സിന് നെറ്റ് തൊഴിലാളി യൂണിയന് ഭാരവാഹികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധാരണയായത്. തീരുമാന പ്രകാരം ഇന്നലെ ഹാര്‍ബറില്‍ ഗില്‍നെറ്റ്,ട്രോള്‍ നെറ്റ് ബോട്ടുകളിലെ മത്സ്യക്കച്ചവടം നടന്നു.
പേഴ്സിന് നെറ്റ് ബോട്ടുകള്‍ ഇന്ന് മുതല്‍ കടലില്‍ ഇറങ്ങും. മീന്‍ ഇറക്ക് വിഭാഗത്തിലെ തൊഴിലാളികളുടെ കൂലിയുമായി ബന്ധപ്പെട്ട് ബോട്ടുടമകള്‍ മുന്നോട്ടുവച്ച മൂന്ന് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് യൂണിയന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ധാരണയായിട്ടുണ്ട്. അത് വരെ ഹാര്‍ബറിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന യാതൊന്നും ഉണ്ടാകരുതെന്നും യോഗത്തില്‍ ധാരണയായി.എ.എം നൗഷാദിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച ഹാര്‍ബര്‍ പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും പ്രശ്നം ഉടലെടുക്കുകയായിരുന്നു.
ഹാര്‍ബര്‍ അടച്ചിട്ടതുമൂലം ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും വ്യാപാര സ്ഥാപനങ്ങളെ വിഷയം ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹാര്‍ബര്‍ വ്യവസായ സമിതി ചെയര്മാന് എ.എം നൗഷാദ് വീണ്ടും അനുരഞ്ജന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
പേഴ്സിന് വിഭാഗത്തിലെ മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികള്‍ക്ക് നല്കുന്ന രണ്ടു ശതമാനം കൂലി നല്കാന് കഴിയില്ലെന്ന് ബോട്ടുടമകള്‍ തീരുമാനിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. പ്രവര്‍ത്തന ചിലവ് കഴിഞ്ഞ് ലഭിക്കുന്നതിന്റെ രണ്ട് ശതമാനം നല്കാന് കഴിയൂവെന്നാണ് ബോട്ടുടമകള്‍ നിലപാട് സ്വീകരിച്ചത്.എന്നാല്‍ ലഭിക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം വേണമെന്ന നിലപാടില്‍ സിപിഎല്‍യു തൊഴിലാളികള്‍ ഉറച്ചു നില്‍ക്കുകയും ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.
ചര്‍ച്ചയില്‍ ബോട്ടുടമകളെ പ്രതിനിധീകരിച്ച് സി.എസ് യൂസഫ്, എം.മജീദ്, മനാഫ്, സിഐടിയു, സിപിഎല്‍യു യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.എം റിയാദ്, ബി.ഹംസ, ഷാജി, പേഴ്സിന് നെറ്റ് ബോട്ട് മത്സ്യ തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് ജാക്സന് പൊള്ളയില്, മൈക്കിള്‍ എന്നിവരും പങ്കെടുത്തു.