മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; ജയിലിലെ ജാതിപ്പേര് വിളിയില്‍ രണ്ടു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട്
1585691
Friday, August 22, 2025 5:13 AM IST
കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിനെ ഡോക്ടര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതിക്കു മുന്നില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡോക്ടറും ഫാര്‍മസിസ്റ്റും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണെന്നും ഇരുവരെയും ജില്ലാ ജയിലില്‍ നിന്നും സ്ഥലം മാറ്റിയെന്നും ജയില്‍ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സര്‍ക്കാര്‍ ആവശ്യമായ വകുപ്പുതല നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍ മറ്റു നടപടികള്‍ ആവശ്യമില്ലെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
ആരോപണം സത്യമാണെന്ന് കണ്ടെത്തിയതായി ജയില്‍ സൂപ്രണ്ട് പറഞ്ഞു. പിന്നാക്ക വിഭാഗക്കാരനായ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ക്രൈം 82/2025 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു.