വി.ഡി. സതീശന്റെ ഓഫീസ് ആക്രമണം: കോൺഗ്രസ് മാർച്ചിൽ സംഘർഷം
1585694
Friday, August 22, 2025 5:13 AM IST
പറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിനു നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പറവൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാരെ തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പോലീസ് സ്റ്റേഷന്റെ ഗേറ്റ് തകർത്ത് അകത്തു കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പിന്തിരിപ്പിച്ചു.
തുടർന്ന് റോജി എം. ജോൺ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സൈബർ ഗുണ്ടകൾ കുറെ ക്കാലമായി വി.ഡി. സതീശനെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും, ഇത് വിലപ്പോകില്ലെന്നും റോജി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിനു നേരേ ഉണ്ടായ ആക്രമണം കാക്കിയിട്ട ഡിവൈഎഫ്ഐക്കാരായ പോലീസുകാർ നോക്കിനിന്നതായും അദ്ദേഹം ആരോപിച്ചു.
ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, അബ്ദുൽ മുത്തലിബ്, മനോജ് മൂത്തേടൻ, എം.ടി. ജയൻ, ജമാൽ മണക്കാടൻ തുടങ്ങിയവർ സംസാരിച്ചു.