സീനിയേഴ്സിനേക്കാൾ മികച്ച സമയവുമായി സയാന്
1585280
Thursday, August 21, 2025 4:54 AM IST
കൊച്ചി: നൂറു മീറ്ററില്‍ സീനിയർ വിഭാഗത്തേക്കാൾ മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത് വടുതല ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥി സയാന് ഫൈസല്‍ വേഗമേറിയ താരമായി. അണ്ടര്‍ 17 കാറ്റഗറിയില്‍ മത്സരിച്ച സയാന് 11.10 സെക്കന്‍ഡിൽ ഓടിയെത്തിയപ്പോൾ അണ്ടര്‍ 19 ല്‍ ഒന്നാമതെത്തിയ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിലെ എസ്.ആരുഷ് 11.30 സെക്കന്‍ഡെടുത്തു.
വനിതാ വിഭാഗത്തില്‍ അണ്ടര്‍ 19 ല്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ അഞ്ജലി പി.ജോഷി (13.10) വേഗമേറിയ താരമായി. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 കാറ്റഗറിയില്‍ മത്സരിച്ച അഞ്ജലി സ്വര്‍ണം നേടിയിരുന്നു. കളക്ടറുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഷിനിയുടെയും ജോഷിയുടെയും മകളാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ അഞ്ജലി.
പെണ്‍കുട്ടികളുടെ അണ്ടർ 17 ല്‍ കഴക്കൂട്ടം സെന്റ് തോമസ് പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ കാരിയായ അന്ന എല്‍സ രഞ്ജു (13.30), അണ്ടര്‍ 14 ല്‍ കട്ടപ്പന ഇന്‍ഫന്റ് ജീസസ് സ്കൂളിലെ എട്ടാംക്ലാസുകാരി അന്ന റോസ് ബെര്‍ലി (13.90), ആൺകുട്ടികളുടെ അണ്ടര്‍ 14 കാറ്റഗറിയില്‍ വൈറ്റില ടോക്എച്ച് പബ്ലിക് സ്കൂളിലെ എട്ടാംക്ലാസുകാരൻ നഥാനിയേല്‍ ജോണ്‍ ജോസഫ് (12.40) എന്നിവരും സ്പ്രിന്റില്‍ സ്വര്‍ണം നേടി.