എംജി റോഡിലെ നടത്തം സൂക്ഷിച്ചു വേണം : കാനകളുടെ നവീകരണം തോന്നും പോലെ...!
1585672
Friday, August 22, 2025 4:34 AM IST
കൊച്ചി: എംജി റോഡ് മെട്രോ സ്റ്റേഷൻ മുതൽ മാധവ ഫാർമസി ജംഗ്ഷൻ വരെ നവീകരണത്തിന്റെ ഭാഗമായി കാനയുടെ സ്ലാബുകൾ അപകടകരമായ രീതിയിൽ തുറന്നിട്ടിരിക്കുന്നതു കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നു. നിർമാണ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലായതിൽ പ്രതിഷേധം ശക്തമാണ്.
സ്ലാബുകൾ ഇളക്കി മാറ്റി പുതിയവ സ്ഥാപിക്കാനും നടപ്പാത ആധുനികവത്കരിച്ച് മനോഹരമാക്കാനും 100 മീറ്റർ പ്രവർത്തിക്ക് 1. 30 കോടിക്കാണ് കരാർ നൽകിയിട്ടുള്ളത്. പണികൾക്കായി നടപ്പാതയിൽ കൂട്ടിയിട്ടിട്ടുള്ള മെറ്റൽ, മണൽ എന്നിവയും, ക്രമരഹിതമായിക്കിടക്കുന്ന കോൺക്രീറ്റ് സ്ലാബുകളും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇതിനടുത്തുള്ള പുറമ്പോക്ക് ഭൂമികൂടി ഉൾപ്പെടുത്തി നഗരഹൃദയഭാഗം മോടിപിടിപ്പിക്കേണ്ടതിനു പകരം അധികൃതർ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് റാക്കോ- റസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കൗൺസിൽ ജില്ലാ കമ്മറ്റി ആരോപിച്ചു.
കോ- ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എംജി റോഡിൽ പ്രതിഷേധ സമരം നടത്തി. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യുസ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. രാധാകൃഷ്ണൻ, കെ.എസ്. ദിലീപ്കുമാർ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.കെ. വാമലോചനൻ, നോർബട്ട് അടിമുറി, ജലജ ആചാര്യ, ഏലൂർ ഗോപിനാഥ്, പി.ഡി. രാജീവ്, സി. ചാണ്ടി, സലാം പുല്ലേപ്പടി, ജോവൽ ചെറിയാൻ,സൈനബ, സുശീല കങ്ങരപ്പടി,വേണു കറുകപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.