മംഗലത്തുതാഴത്തെ കലുങ്ക് പൂർണമായി പൊളിച്ചു നിർമിക്കും
1585260
Thursday, August 21, 2025 4:11 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ മംഗലത്തുതാഴത്തെ കലുങ്ക് പൂർണമായി പൊളിച്ച് നിർമിക്കാൻ തീരുമാനമായി. തകരാർ സംഭവിച്ച കലുങ്കിന്റെ മെയിൻ സ്ലാബിന്റെ ഒരു വശം പൂർണമായി പൊളിച്ചു നീക്കിയിരുന്നു. പൊളിച്ചു നീക്കിയ ഭാഗം പുനർ നിർമിക്കുന്നതിനായി ഉദ്യോഗസ്ഥർ എത്തുകയും തുടർന്ന് നാട്ടുകാർ നിർമാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തിരുന്നു. കലുങ്ക് പൂർണമായി പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണു നാട്ടുകാർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്.
കലുങ്കിന്റെ വശങ്ങളിലെ ഭിത്തി ഉൾപ്പെടെയുള്ള ഭാഗം പരിശോധിച്ച ശേഷം ബലക്ഷയം കണ്ടെത്തിയാൽ കലുങ്ക് പൂർണമായി പുലർ നിർമിക്കാം എന്നായിരുന്നു പിഡബ്ല്യുഡി അധികൃതർ അറിയിച്ചത്.
ഇത്തരത്തിൽ പരിശോധന നടത്തിയതിന്റെ ഫലം പുറത്തു വരുന്നതിനു മുമ്പ് തന്നെ കലുങ്ക് പൂർണമായി പുനർനിർമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കലുങ്ക് പണിത കരാറുകാരൻതന്നെ പുനർനിർമാണം നടത്തുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു നൽകും. നിലവിൽ ഈ ഭാഗത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.