അപകടംവിതച്ച് ടോറസ് ലോറികളുടെ മരണപ്പാച്ചില്‍
1585259
Thursday, August 21, 2025 4:11 AM IST
മൂവാറ്റുപുഴ: ടോറസ് ലോറികളുടെ മരണപ്പാച്ചില്‍ അപകടങ്ങള്‍ക്കു കാരണമാകുന്നു. മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയിലൂടെ പായുന്ന ലോറികളാണ് അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ദിവസവും ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ഇന്നലെ രാവിലെ 8.30ഓടെ മണിയംകുളം കവലയില്‍ സ്കൂള്‍ ബസിനു പിന്നില്‍ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി ഇടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്അപ്പ് വാനിടിച്ച് പത്ത് വയസുകാരന് മരിച്ചു.
ഉന്നത നിലവാരത്തില്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ടോറസ് ലോറികള്‍ വരെ അമിത വേഗത്തിലാണ് പായുന്നത്. ഇതിനെതിരേ നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രാവിലെയും വൈകുന്നേരവും സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളടക്കമുള്ള ഭാരവണ്ടികള്‍ സര്‍വീസ് നടത്തരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇവിടെ ലോറികള്‍ ചീറി പായുന്നത്. കരിങ്കല്‍ കയറ്റിപ്പോകുന്ന ലോറികളില്‍നിന്നും കല്ലു തെറിച്ച് റോഡിലേക്കു വീണ സംഭവംവരെ ഉണ്ടായിട്ടുണ്ട്.