മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കാടപ്പാറ പ്രദേശം പുലിപ്പേടിയില്‍
1585664
Friday, August 22, 2025 4:21 AM IST
കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ കാടപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ന്യൂമാന്‍ അക്കാദമി സ്കൂളില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. സ്കൂള്‍ കോമ്പൗണ്ടിൽ ആടിനെ കൊന്ന് ഭാഗികമായി തിന്നശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥലം പരിശോധിച്ചതില്‍ നിന്നും ഇത് പുലി കൊന്ന് തിന്നതാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സമാനമായ രീതിയില്‍ കുറച്ച് ദിവസം മുമ്പ് പഞ്ചായത്തിലെ യൂക്കാലി പ്രദേശത്തും പുലി പശുവിനെ ആക്രമിച്ചിരുന്നു.നിരന്തരമായ പുലിയുടെ ആക്രമണത്തില്‍ പ്രദേശവാസികള്‍ വലിയ ആശങ്കയിലാണ്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളിന്റെ കോമ്പൗണ്ടിലാണ് ഇന്നലെ ആടിനെ അജ്ഞാത ജീവി കടിച്ചു തിന്നത്. അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്കും സമീപ പ്രദേശത്തേക്കും മറ്റുമായി ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നതാണ്.
പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലം റോജി എം. ജോൺ എംഎല്‍എ ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശിച്ചു. വനമേഖലാ പ്രദേശമായ ഇവിടെ ഉണ്ടാകുന്ന പുലിയുടെ ആക്രമണം ഒഴിവാക്കുന്നതിനായി കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും,
പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് അടിയന്തിര ഇടപെടല്‍ അഭ്യര്‍ഥിച്ച് റോജി എം. ജോണ്‍ എംഎല്‍എ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നല്കി.