വിവാഹ ഫോട്ടോ നൽകിയില്ല; നവവരന്റെ പരാതിയിൽ ഫോട്ടോഗ്രാഫർമാർക്കെതിരെ കേസ്
1585676
Friday, August 22, 2025 4:34 AM IST
വൈപ്പിൻ: മുൻകൂർ പണം കൈപ്പറ്റിയ ശേഷം വിവാഹത്തിന്റെയും സേവ് ദ ഡേറ്റിന്റെയും ചിത്രങ്ങളും വീഡിയോകളും നൽകാതെ മുങ്ങിയ ഫോട്ടോഗ്രഫർമാർക്കെതിരെ മുളവുകാട് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. നവവരനായ കർണാടക ഉടുപ്പി സ്വദേശി ഷാരോൺ തോമസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ആലുവ കടുങ്ങല്ലൂർ ബിനാനിപുരം സ്വദേശി വിപിൻ, പാലക്കാട് ആലത്തൂർ മുടപ്പല്ലൂർ സ്വദേശി അജേഷ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ഡിസംബറിൽ നടന്ന വിവാഹത്തിന്റെയും സേവ് ദ ഡേറ്റിന്റെയും ഫോട്ടോയും വീഡിയോയും മറ്റും എടുത്തു നൽകാമെന്ന് ഉറപ്പുനൽകി മൂന്നു തവണകളായി ബാങ്ക് അക്കൗണ്ട് വഴി 1,59,000 രൂപ നവവരനായ ഷാരോൺ തോമസിൽ നിന്നും പ്രതികൾ വാങ്ങിയെന്നാണ് പരാതി.
എന്നാൽ ഇതുവരെയായി ഫോട്ടോകളും വീഡിയോകളും നൽകാതെ വന്നതിനെത്തുടർന്ന് ഷാരോൺ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരും നൽകിയില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.