കൂത്താട്ടുകുളം നഗരസഭയിൽ ഉദ്യോഗസ്ഥരുടെ ബാറ്ററി വാങ്ങൽ വിവാദത്തിലേക്ക്
1585115
Wednesday, August 20, 2025 4:56 AM IST
കൂത്താട്ടുകുളം: നഗരസഭ കൗൺസിൽ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ 3.5 ലക്ഷം രൂപയുടെ ഇൻവെർട്ടർ ബാറ്ററികൾ വാങ്ങിയത് വിവാദമാകുന്നു. നഗരസഭ കാര്യാലയത്തിലെ ഇൻവെർട്ടർ സംവിധാനം തകരാറിലായിതിനെ തുടർന്നു പുതിയ ബാറ്ററികൾ വാങ്ങുന്നതിന് കൗൺസിലിന്റെ അനുമതി തേടിയിരുന്നു.
പുതിയ ബാറ്ററികൾ വാങ്ങുന്നതിന് ഇന്നലെ നഗരസഭയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രത്യേക അജണ്ട വയ്ക്കുകയും വിഷയം ചർച്ചക്കെടുക്കുകയും ചെയ്തു. ആക്ടിംഗ് ചെയർപേഴ്സൺ ജിജി ഷാനവാസിന്റെ അധ്യക്ഷതയിൽ ചർച്ച നടക്കുമ്പോൾ തന്നെ പുതിയ ബാറ്ററികളും അനുബന്ധ സാധനങ്ങളും നഗരസഭയിൽ എത്തി.
നഗരസഭാ സെക്രട്ടറിയുടെ റൂമിനു സമീപം നിരത്തി വച്ചിരിക്കുന്ന പുതിയ ഇൻവെർട്ടർ ബാറ്ററികൾ ചർച്ചയ്ക്കിടയിൽ കൗൺസിൽ ഹാളിൽനിന്നും പുറത്തെത്തിയ കൗൺസിലർ പി.സി. ഭാസ്കരന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻതന്നെ കൗൺസിലർ തിരികെ ഹാളിൽ എത്തി മറ്റ് കൗൺസിലർമാരെ സംഭവം അറിയിക്കുകയും ചെയ്തു.
കൗൺസിലിന്റെ അറിവും നിർദേശവും ഇല്ലാതെയാണ് ബാറ്ററി വാങ്ങൽ നടന്നിട്ടുള്ളത്. നഗരസഭയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ വാക്ക് ഔട്ട് നടത്തി.
കൗൺസിലിനെ മറികടന്നുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന് യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ കക്ഷി നേതാക്കളായ സി.എ. തങ്കച്ചൻ, ബേബി കീരാന്തടം, പി.സി. ഭാസ്കരൻ എന്നിവർ പറഞ്ഞു.
ഭരണം അട്ടിമറിച്ചാൽ ഉദ്യോഗസ്ഥ ഭരണവും തുടർന്നു കൊള്ളയും നടക്കാൻ സാധ്യത ഉണ്ടാകുമെന്നും എൽഡിഎഫ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവിശ്വാസത്തിലൂടെ പുറത്തായ മുൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു.